മരട്; ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും, നിരാഹാരവുമായി ഉടമകള്‍

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള നോട്ടീസ് കാലാവധി നാളെ അവസാനിക്കും. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് നഗരസഭാ ഓഫീസിനു മുന്നില്‍ നിരാഹാര സമരം തുടങ്ങും. രാവിലെ 10 മണി മുതല്‍ ആണ് സമരം.
സമരത്തിന് പിന്തുണയുമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും നടക്കും. ഈ മാസം 20-നകം പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട നാല് ഫ്‌ളാറ്റുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്ദര്‍ശിക്കും.

സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഒഴിയണമെന്നായിരുന്നു അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങളോടുള്ള നഗരസഭയുടെ നിര്‍ദ്ദേശം. പത്താം തിയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബങ്ങള്‍.

കായലോരം ഫ്‌ളാറ്റ് ഉടമകള്‍ മാത്രം ആണ് നോട്ടീസിന് മറുപടി നല്‍കിയത്. ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ല എന്നുമായിരുന്നു മറുപടി. നോട്ടിസിനെതിരെ ഹൈക്കോടതിയില്‍ ഫ്‌ളാറ്റ് ഉടമകള്‍ നാളെ ഹര്‍ജിയും നല്‍കും. ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കി വിടില്ലെങ്കിലും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് നഗരസഭ. കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്ട്മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.