പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു, ഹൃദയാഘാതമെന്ന് സംശയം

പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കയറിയത്. കോഴിയെ പിടിക്കാന്‍ എത്തിയ പുലി കൂട്ടിലെ വലയില്‍ കുടുങ്ങുകയായിരുന്നു.

അക്രമാസക്തനായ പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പ് ആദ്യം തീരുമാനിച്ചത്. ഇതിനായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുടുങ്ങി കിടക്കുന്ന പുലി ചത്തുവെന്ന് സ്ഥിരീകരിച്ചത്. ഏറെ നേരം അനക്കമില്ലാതെ കിടന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ചത്ത പുലിയെ കൂട്ടില്‍ നിന്നും പുറത്ത് എടുത്തിട്ടുണ്ട്. ഉടന്‍ മണ്ണാര്‍ക്കാട് വനം വകുപ്പിന്റെ ഡിവിഷന്‍ ഓഫീസില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. ഹൃദയാഘാതം മൂലമാണോ, പരിക്ക് കാരണമാണോ പുലി ചത്തതെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെയേ അറിയാന്‍ കഴിയൂ.

വലയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ മുഖത്തിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മരണകാരണമാകാനുള്ള പരിക്കുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.ഈ പ്രദേശത്ത് നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് പുലികളെ വനം വകുപ്പ് പിടികൂടിയിരുന്നു.