തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ഒന്നാംപ്രതി; കെ. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം

ഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒന്നാംപ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലാ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷംരൂപ കോഴ നല്‍കിയ കേസിലും ബിജെപി അധ്യക്ഷനെ ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. കേസില്‍ സി കെ ജാനു രണ്ടും വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാനാണ് സി കെ ജാനുവിന് കോഴ നല്‍കിയത്.

കേസില്‍, തെളിവായ ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേതാണെന്ന ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് ഫോറന്‍സിക് പരിശോധിച്ചത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയിലാണ് ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് തെളിഞ്ഞത്.