'മാളികപ്പുറം നിര്‍മ്മിച്ചത് ക്രൈസ്തവന്‍; സിനിമ സമാജത്തിന്റേതല്ല; ആസ്വാദകരുടേത്; വാര്യര്‍ ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത്; പാവങ്ങള്‍ ജീവിച്ചോട്ടെ'

ണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ സിനിമ സമാജത്തിന്റെ സിനിമയാണെന്ന് ബിജെപി മുന്‍ വ്യക്താവ് സന്ദീപ് വാര്യര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ അന്തരിച്ച സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്. സിനിമ കാണേണ്ടത് ദൗത്യമാണെന്നും അദേഹം ഫേസ്ബുക്കില്‍ കമന്റായി ഇട്ടിരുന്നു.

എന്നാല്‍, സന്ദീപ് വാര്യരുടെ ഈ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരിക്കുന്നത്. സിനിമ, എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണെന്നും ഏതെങ്കിലും സമാജത്തിന് വേണ്ടിയുള്ളതല്ലെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍, സംഭവം വിവാദമായതോടെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട കമന്റ് നീക്കം ചെയ്തു. ഇതു ചോദ്യം ചെയ്തിട്ട കമന്റുകളെയും അദേഹം ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ രാഷ്ട്രീയ നേതാവ് ആകാന്‍ ശ്രമിക്കുന്ന സന്ദീപ് വാര്യരെ പോലുള്ള കൂപമണ്ഡൂകങ്ങള്‍ക്ക് സാധാരണക്കാരന്റെ മനസറിയില്ലെന്ന് സജി കമലയെന്ന വ്യക്തി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമ സമാജത്തിന്റേതല്ല,ഭക്തരുടേയും ആസ്വാദകരുടേയുമാണ്.

ക്രിസ്തുമത വിശ്വാസിയാണ് മാളികപ്പുറം എന്ന മഹത്തായ സിനിമ നിര്‍മ്മിച്ചത്. ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള വിശ്വാസവും ആചാരവും ഇഷ്ടമുള്ളതു കൊണ്ടാണ് ഒരു കൃസ്ത്യന്‍ സഹോദരന്‍ മാളികപ്പുറം നിര്‍മ്മിച്ചത്.ഈ സിനിമയുടെ പ്രൊഡക്ഷന്‍ ബോയ് മുതല്‍ എല്ലാ മേഖലയിലും എല്ലാ മത വിശ്വാസികളുമുണ്ട്. ഇവരുടെ നെഞ്ച് പിളര്‍ക്കുന്ന കമന്റാണ് സന്ദീപ് വാര്യരില്‍ നിന്ന് ഉണ്ടായത്.

സന്ദീപ് വാര്യരെ പോലൊരു പൊട്ടക്കുളത്തിലെ തവള കാരണം ഈ പടത്തിന് കേട് സംഭവിച്ചാല്‍ നിര്‍മ്മാതാവിന് മാത്രമല്ല മതത്തിന് അതീതമായി അയ്യപ്പനെ വിശ്വസിക്കുന്ന മതേതര ഭക്തര്‍ക്ക് കൂടി നഷ്ടമാണ്. വാര്യരെ, ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത്. പാവങ്ങള്‍ ജീവിച്ചോട്ടെയെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.