"ഈ കടലും മറുകടലും", "താരാപഥം ചേതോഹരം"; മലയാളികളുടെ സ്വന്തം എസ്.പി.ബി

ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1949 ജൂലൈ നാലിനാണ് ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ അതുല്യ ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂര്‍ത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു. ശ്രീപതി പണ്ഡിറ്റരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി ബാലസുബ്രഹ്മണ്യം എസ്. പി. ബി, ബാലു എന്നീ പേരുകളിലും സിനിമാമേഖലയിൽ അറിയപ്പെട്ടിരുന്നു.

എസ്.പി ബാലസുബ്രഹ്മണ്യം കുട്ടിക്കാലത്ത് തന്നെ സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. തന്റെ പിതാവിൽ നിന്നും എസ്.പി.ബി സ്വയവും നൊട്ടേഷൻ പഠിക്കുകയും ഹാർമോണിയം, ഫ്ലൂട്ട് തുടങ്ങിയ ഉപകരണങ്ങൾ വായിക്കുകയും ചെയ്തു. ബാലു എന്‍ജിനീയറാകണമെന്ന് പിതാവ് ആഗ്രഹിച്ചു; ഇത് അദ്ദേഹത്തെ അനന്ത്പൂരിൽ എത്തിച്ചു, അവിടെ അദ്ദേഹം ജെഎൻ‌ടിയുവിൽ എന്‍ജിനീയറിംഗ് കോഴ്‌സിന് ചേർന്നു. പിന്നീട് ടൈഫോയ്ഡ് മൂലം കോഴ്സ് നിർത്തുകയും പിന്നീട് എ.എം.ഐ.ഇ ൽ ചേരുകയും ചെയ്തു. അതേസമയം, തന്റെ സംഗീത സപര്യ അദ്ദേഹം പിന്തുടരുകയും നിരവധി സംഗീത മത്സരങ്ങളിൽ അവാർഡുകൾ നേടുകയും ചെയ്തു. കോളജ് വാർഷിക പരിപാടികളിൽ ഒരു നല്ല ഗായകൻ എന്നനിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചില സുഹൃത്തുക്കൾ അദ്ദേഹത്തെ മദ്രാസിൽ പാടാൻ ശിപാർശ ചെയ്യുകയും ചിലരെ പരിചയപ്പെടുത്തുകയും ചെയ്തു.

1964- ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ അമേച്വർ ഗായകർക്ക് സംഗീത മത്സരം സംഘടിപ്പിച്ചു. ഇതിൽ ബാലു ഒന്നാം സമ്മാനം നേടി, അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. സംഗീത സംവിധായകൻ എസ്.പി കോദണ്ഡപാണി അദ്ദേഹത്തെ തന്റെ ചിറകിലേറ്റി. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ നിന്ന് ഓഫറുകളുടെ ഒഴുക്കായിരുന്നു.

ഒരു മുഴുനീള സിനിമാ ഗായകനാകുന്നതിനു മുമ്പ്, എസ്‌പി‌ബി ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ പ്രധാനിയായിരുന്നു: ഇളയരാജ, അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭാസ്ക്കർ, ഗംഗയ് അമരൻ തുടങ്ങിയവർ ഈ ട്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു.

ശ്രീ ശ്രീ ശ്രീ മരിയാദ രാമണ്ണ എന്ന ചിത്രത്തിലൂടെ 1966 ഡിസംബർ 15- നാണ് എസ്.പി ബാലസുബ്രഹ്മണ്യം ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി കോദണ്ഡപാണിയാണ് ചിത്രത്തിന് സംഗീതം നൽകിയത്. തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച് എട്ട് ദിവസത്തിന് ശേഷം അദ്ദേഹം 1966- ൽ കന്നഡയിൽ നക്കറെ അഡെ സ്വർഗ എന്ന ചിത്രത്തിന് വേണ്ടി തന്റെ പാട്ട് റെക്കോഡുചെയ്ത. കന്നഡയിലെ പ്രശസ്തനായ ഹാസ്യതാരം ടി. ആർ. നരസിംഹരാജു ആണ് ഇതിൽ അഭിനയിച്ചത്. ഹോട്ടൽ രംഭ എന്ന ചിത്രത്തിന് വേണ്ടി എം.എസ്. വിശ്വനാഥന്റെ സംഗീത സംവിധാനത്തിൽ എൽ. ആർ ഈശ്വരിക്കൊപ്പം “അത്താനോടു ഇപ്പടി ഇരുന്ത് എത്തനയ് നളാച്ചു” എന്ന ഗാനം പാടിയാണ് എസ്.പി.ബി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഉൾപ്പെടെ അഞ്ചിലധികം വ്യത്യസ്ത ഭാഷകളിൽ 40,000 ത്തിലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

ഏറ്റവുമധികം ഗാനങ്ങൾ പാടി റെക്കോഡ് ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ അദ്ദേഹം ലോക റെക്കോർഡ് സ്വന്തമാക്കി (വനിതാ ഗായികയ്ക്കുള്ള ഈ റെക്കോഡ് ലതാ മങ്കേഷ്ക്കർക്കാണ്). സംസ്കൃതത്തിലും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ചിരഞ്ജീവി, രജനീകാന്ത് ചിത്രങ്ങളിലെ മിക്ക ഇൻട്രൊഡക്ഷൻ പാട്ടുകളും ആലപിച്ചിരിക്കുന്നത് എസ്.പി.ബി ആണ്. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം കമൽഹാസന് ഏറ്റവും അനുയോജ്യമാണെന്ന് മിക്കവരും കരുതിയിരുന്നു. മലയാള സംഗീത വ്യവസായത്തിലെ കുത്തകയായി ഡോ. കെ. ജെ. യേശുദാസ് നിലനിന്നിരുന്ന സമയത്ത്. തെലുങ്ക്, കന്നഡ, തമിഴ് സിനിമാ വ്യവസായങ്ങളിൽ 30 വർഷത്തിലേറെ പിന്നണി ഗാനാലാപനത്തിൽ എസ്.പി.ബി തന്റെ കുത്തക നിലനിർത്തി. എസ്.പി.ബി മലയാളത്തിൽ താരതമ്യേന കുറച്ച് ഗാനങ്ങൾ മാത്രമാണ് ആലപിച്ചത്.

തമിഴിലെ ദുഃഖഗാനങ്ങൾക്ക് യേശുദാസിന്റെ ശബ്ദം കൂടുതൽ അനുയോജ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, “നാനും ഉൻതെൻ ഉറവയ്”, “നെഞ്ചുക്കുള്ളെ”, “കുയിലപ്പുഡിച്ച്‌” തുടങ്ങിയ തമിഴിലെ നിത്യഹരിത ദുഃഖ ഗാനങ്ങളും എസ്‌.പി‌.ബി ആലപിച്ചിട്ടുണ്ട്. പ്രശസ്തമായ ടി.വി ഷോകൾ അദ്ദേഹം ഹോസ്റ്റുചെയ്തിട്ടുണ്ട്, തെലുങ്കിൽ ഇ-ടിവിയിൽ പാടുത തിയാഗ, എം‌എ‌എ-ടിവിയിലെ പാടലാനി അൻ‌ഡി, കൂടാതെ “ഇ-ടിവി കന്നഡ”യിൽ ഈഡെ തുമ്പി ഹാദുവെനു എന്ന കന്നഡ ഷോയും, ജയ-ടിവിയിൽ “എന്നോട് പാട്ടു പാടുംഗൾ” എന്ന തമിഴ് ഷോ തുടങ്ങിയവ.

എസ്.പി.ബി ബാംഗ്ലൂരിൽ വെച്ച് ഉപേന്ദ്ര കുമാറിനായി 1981 ഫെബ്രുവരി 8- ന് രാവിലെ 9.00 മുതൽ രാത്രി 9.00 വരെ കന്നഡയിൽ 21 ഗാനങ്ങൾ പാടി റെക്കോഡുചെയ്‌തു. ഇത് ഒരു റെക്കോഡാണ്. അദ്ദേഹം ഒരു ദിവസം തമിഴിൽ 19 ഗാനങ്ങളും ഒരു ദിവസം ഹിന്ദിയിൽ 16 ഗാനങ്ങളും റെക്കോഡ് ചെയ്‌തതായി പറയപ്പെടുന്നു, ഇത് ശ്രദ്ധേയമായ നേട്ടമാണ്.

ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും എസ്.പി.പി നിരവധി പേർക്ക് തന്റെ ശബ്ദം നൽകിയിട്ടുണ്ട്. കമൽഹാസന്റെ തെലുങ്ക് സിനിമകളുടെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം.

1980- ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന ചിത്രത്തിലൂടെ എസ്.പി ബാലസുബ്രഹ്മണ്യം അന്താരാഷ്ട്ര പ്രശസ്തി നേടി. തെലുങ്ക് ചലച്ചിത്രമേഖലയിൽ നിന്നും നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിലൊന്നാണ് ഇത്. കെ. വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് കെ.വി. മഹാദേവനാണ്. തെലുങ്ക് സിനിമയിൽ കർണാടക സംഗീതത്തിന്റെ ഉപയോഗം വർദ്ധിക്കുന്നതിലേക്ക് ഈ ചിത്രം നയിച്ചു.

ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ ഗായകനല്ല എസ്.പി.ബി, ശങ്കരാഭരണത്തിലെ ഗാനങ്ങൾ റെക്കോഡുചെയ്യാൻ സിനിമ സംഗീതത്തിന്റേതായ സൗന്ദര്യാത്മകത ആണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലൂടെ എസ്.പി ബാലസുബ്രഹ്മണ്യം നേടി. ഹിന്ദി സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം എസ്.പി.ബി തൊട്ട് അടുത്ത വർഷം നടത്തി, ഏക് ദൂജെ കെ ലിയേ (1981) എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. ഈ ചിത്രത്തിന് മികച്ച പുരുഷ പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ടാം തവണയും അദ്ദേഹത്തിന് ലഭിച്ചു.

1969-ൽ കടൽപ്പാലം എന്ന ചിത്രത്തിലൂടെ വയലാർ രാമവർമ്മ രചിച്ച് ജി ദേവരാജൻ സംഗീതം നൽകിയ ഈ കടലും മറുകടലും എന്ന പാട്ടു പാടിയാണ് എസ്.പി.ബി മലയാളത്തിൽ ശ്രദ്ധേയനാവുന്നത്. 2018-ൽ കിണർ എന്ന ചിത്രത്തിൽ ബി.കെ ഹരിനാരായണനും പളനി ഭാരതിയും രചിച്ച് എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച യേശുദാസിനൊപ്പം പാടിയ അയ്യാ സ്വാമി എന്ന ഗാനമാണ് എസ്.പി.ബിയുടെ മലയാളത്തിലെ അവസാന ചലച്ചിത്ര ഗാനം.1985- ൽ പുറത്തിറങ്ങിയ മയൂരി എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തപ്പോൾ ചിത്രത്തിലെ ആറ് ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചത് എസ.പി.ബി ആയിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയത്തിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള എസ്.പി.ബി മാജിക് മാജിക് 3D എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തതിലൂടെ മലയാള ചലച്ചിത്ര അഭിനയ ലോകത്തിന്റെയും ഭാഗമായി.

സർപ്പം(1979) എന്ന ചിത്രത്തിലെ കെ ജെ ജോയ്-ബിച്ചു തിരുമല ടീമിന്റെ “സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ”. റാംജി റാവ് സ്പീക്കിംഗ് (1989) എന്ന ചിത്രത്തിലെ എസ് ബാലകൃഷ്ണൻ സംഗീതം നൽകി ബിച്ചു തിരുമല രചിച്ച “കളിക്കളം ഇതു കളിക്കളം” എന്ന ഗാനം. ഇളയരാജ സംഗീതം നൽകി പി കെ ഗോപി രചിച്ച അനശ്വരം(1991) എന്ന ചിത്രത്തിലെ “താരാപഥം ചേതോഹരം”. ഗാന്ധർവ്വം (1993) എന്ന ചിത്രത്തിലെ എസ് പി വെങ്കിടേഷ്-കൈതപ്രം ദാമോദരൻ ടീമിന്റെ “നെഞ്ചിൽ കഞ്ചബാണമെയ്യും” എന്ന ഗാനം. കെ ജയകുമാർ എഴുതി രവീന്ദ്രൻ സംഗീതം നൽകിയ ബട്ടർ‌ഫ്ലൈസ് (1993) എന്ന ചിത്രത്തിലെ “പാൽനിലാവിലെ പവനിതൾ” തുടങ്ങിയവ മലയാളികൾ നെഞ്ചിലേറ്റിയ എസ്.പി.ബി യുടെ ഗാനങ്ങളാണ്.