കോണ്‍ഗ്രസുകാര്‍ അക്രമസ്വഭാവം കൈയിലെടുക്കുകയാണെന്ന് എംഎ ബേബി; 'കൊലപാതകത്തില്‍ പ്രകോപിതരാകരുത്, ജനങ്ങളോട് പ്രതിബദ്ധതയുള്ളത് സിപിഎമ്മിന് മാത്രം'

ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടെ കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായിരിക്കുന്നുവെന്നും കോണ്‍ഗ്രസുകാര്‍ അവരുടെ സ്വതവേ ഉള്ള അക്രമസ്വഭാവം വീണ്ടും കയ്യിലെടുക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി.

കൊല്ലം കടയ്ക്കല്‍ ചിതറയിലെ സി പിഎം പ്രവര്‍ത്തകനായ സഖാവ് ബഷീറിനെയാണ് ഇന്ന് രാവിലെ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നത്. ചന്തയിലെ പച്ചക്കറിക്കച്ചവടക്കാരനും സിപിഐഎം വളവുപച്ച ബ്രാഞ്ച് അംഗവുമായ സഖാവ് ബഷീറിനെ രാവിലെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. ഒമ്പതു കുത്തുകള്‍. ഈ എഴുപതവയസ്സുകാരനെ കൊല്ലാന്‍ തന്നെ ഉദ്ദേശിച്ച് കുത്തിയതെന്ന് വ്യക്തം. സഖാവിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മൂന്നു മണിയോടെ മരണപ്പെട്ടു. കോണ്‍ഗ്രസുകാരനായ ഷാജി എന്ന ഗുണ്ട ആണ് ഈ സഖാവ് ബഷീറിനെ കുത്തിയത്.

അതിക്രൂരമായ ഈ കൊലപാതകത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. പൊലീസ് പ്രതികളെ ഉടനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നു. സഖാവ് ബഷീറിന്റെ കുടുംബത്തിന്റയും പാര്‍ട്ടി സഖാക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദേഹം പറഞ്ഞു.

സിപിഐഎമ്മിന് കാര്യമായ സംഘടനാ ശേഷി ഉള്ള പ്രദേശമാണ് ചിതറ. സഖാക്കള്‍ ഈ കൊലപാതകത്തില്‍ പ്രകോപിതരാകരുതെന്നും സമാധാനം പാലിക്കണമെന്നും കൂടെ അഭ്യര്‍ത്ഥിക്കുന്നു. സമാധാനം നിലനിറുത്തേണ്ടത് കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തം അല്ല, നമ്മുടെ ഉത്തരവാദിത്തം ആണ്. ജനങ്ങളോട് പ്രതിബദ്ധത ഉള്ളത് നമുക്ക് മാത്രമാണ്. സഖാക്കള്‍ ഇക്കാര്യം മനസ്സില്‍ വയ്ക്കണമെന്നും എംഎ ബേബി പറഞ്ഞു.

അതേസമയം, കൊല്ലം ചിതറയിലെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇതില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തേണ്ടെന്നും ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം തള്ളിയാണ് ബഷീറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. കേസില്‍ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.