പണം നൽകാതെ ആഡംബര കാറുകള്‍ തട്ടിയെടുത്തു; മോൻസൺ മാവുങ്കലിന് എതിരെ ഒരു കേസ് കൂടി

പുരാവസ്തു തട്ടിപ്പ് കേസിലും പോക്‌സോ കേസിലും പ്രതിയായ മോന്‍സണ്‍ മാവുങ്കലിന് എതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പണം നല്‍കാതെ ആഢംബരകാറുകള്‍ തട്ടിയെടുത്തെന്നാണ് പുതിയ കേസ്. ബംഗളൂരു സ്വദേശിയായ വ്യാപാരിയാണ് പരാതി നല്‍കിയത്.

കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 86 ലക്ഷം രൂപ വിലയുള്ള ആറ് കാറുകള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ മോന്‍സണിന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 14 ആയി. മോന്‍സണ്‍ നിരവധി ആഢംബരകാറുകള്‍ കൈവശം വെച്ചിരുന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും ഓടാത്തവയാണ്. കോടീശ്വരനാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കാനാണ് ഈ കാറുകള്‍ കൈവശം വെച്ചിരുന്നത്.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. അതേ സമയം പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണിനെ സഹായിച്ചതിന് നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.