ദുരിതാശ്വാസ നിധി ദുരുപയോഗം; മുഖ്യമന്ത്രിയെ മാത്രം എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

 

ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കിയുള്ള ഹര്‍ജി തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണെന്നും ലോകായുക്തയും ഉപ ലോകായുക്ത ജസ്റ്റിസ് ഹാരൂണ്‍ ആര്‍.റഷീദും നിരീക്ഷിച്ചു.

മന്ത്രിസഭയ്ക്കു ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര സഹായം വേണമെങ്കിലും നിയമപ്രകാരം നല്‍കാന്‍ കഴിയുമെന്നു ലോകായുക്ത നിരീക്ഷിച്ചു. ധനസഹായം നല്‍കിയതു മന്ത്രിസഭയുടെ അംഗീകാരത്തോടെ എന്നാണു രേഖകളില്‍ കാണുന്നത്. സര്‍ക്കാര്‍ സ്വജനപക്ഷപാതം നടത്തി പണം അനുവദിച്ചതിനു പരാതിക്കാരന്റെ പക്കല്‍ രേഖകളുണ്ടോയെന്നും ലോകായുക്ത ചോദിച്ചു.

 

വ്യക്തികള്‍ ക്രമക്കേടു നടത്തിയെങ്കില്‍ മാത്രമേ ലോകായുക്തയ്ക്കു പരിശോധിക്കാന്‍ അധികാരമുള്ളൂവെന്നും മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ പരിശോധിക്കാനുള്ള അധികാരമില്ലെന്നും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു. മാര്‍ച്ച് മൂന്നിനു കേസ് വീണ്ടും പരിഗണിക്കും.