വി. ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. നിയമസഭയിൽ ഇത്തരമൊരു പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിന് മുൻപു തന്നെ പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും സുധീരൻ പറഞ്ഞു. ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്സൈസ് വകുപ്പിനും അതുപോലെ ഉത്തരവാദിത്വമുണ്ട്. മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തിൽ പെടുന്നതാണെന്നും സുധീരൻ പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് മദ്യവ്യാപനം ശക്തിപ്പെട്ടത് 29 ബാർ ഉളളിടത്ത് നിന്ന് ആയിരത്തോളമായി. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പുറത്തുവരണം. മദ്യനയത്തിൽ യുഡിഎഫിലും പാർട്ടിയിലും വിശദമായി ചർച്ച നടത്തി സമഗ്രമായ മദ്യനയം രൂപീകരിക്കണമെന്നും സുധീരൻ പറഞ്ഞു. മദ്യനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫിനാൻസ് ബിൽ അവതരിപ്പിക്കുന്ന വേളയിൽ ഈ നിർദേശങ്ങൾ ഒഴിവാക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read more
എൽഡിഎഫ് നയങ്ങളാണ് സംസ്ഥാനത്തെ മദ്യവ്യാപനത്തിന് കാരണം. അതിനെ വിമർശിച്ചയാളണ് അന്നത്തെ പ്രതിപക്ഷ നേതാവായ ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ. അന്ന് വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് ശക്തമായ നടപടികൾ സ്വീകരിക്കണം. യുഡിഎഫിന്റെ പ്രഖ്യാപിതനയമാണിത്. മദ്യനികുതി കുറയ്ക്കുന്നതുകൊണ്ട് ഗുണമുണ്ടാകുക മദ്യക്കമ്പനികൾക്കാണെന്നും സുധീരൻ പറഞ്ഞു.







