ലൈഫ് മിഷന്‍ ഭവന പദ്ധതി മുടന്തുന്നു; സര്‍ക്കാരിന്റെ അഭിമാനപദ്ധതിക്ക് എതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

പിണറായി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പ്രഖ്യാപിച്ച നാല് അഭിമാനപദ്ധതികളില്‍ ഒന്നായ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണം ലക്ഷ്യം കാണാതെ മുടന്തുന്നു. പദ്ധതിക്ക് പ്രത്യേകമായും നാല് മിഷനുകളുടെ പൊതുവായ മേല്‍നോട്ടത്തിനും കോ-ഓര്‍ഡിനേറ്ററും ഉളളപ്പോഴാണ് പദ്ധതി ആഗ്രഹിച്ച വേഗം കൈവരിക്കാനാകാതെ ഇഴഞ്ഞ് നീങ്ങുന്നത്.

ഈ നിലയിലാണ് പോക്കെങ്കില്‍ സര്‍ക്കാരിന്റെ കാലവധിയ്ക്കുളളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാവില്ലെന്നാണ് വെളളിയാഴ്ച അവസാനിച്ച സി.പി.ഐ.എം നേതൃയോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. പദ്ധതിക്ക് ചുക്കാന്‍ പിടിക്കേണ്ട തദ്ദേശഭരണ വകുപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഒരു പങ്കുമില്ല. എല്ലാം ഉദ്യോഗസ്ഥരാണ് തീരുമാനിക്കുന്നത്.

തദ്ദേശഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ നേതൃത്വത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാനാവാതെ തദ്ദേശഭരണവകുപ്പ് പകച്ചുനില്‍ക്കുകയാണെന്നുമാണ് സി.പി.ഐ.എം നേതൃയോഗങ്ങളിലെ വിമര്‍ശനം. ഇതെ തുടര്‍ന്നാണ് ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം എന്നി മിഷനുകളിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് പങ്ക് ഉറപ്പ് വരുത്തി ജനകീയമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പറഞ്ഞത്.

ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നത് മുതല്‍ എല്ലായിടത്തും ഉദ്യോഗസ്ഥ മേധാവിത്വം ആണെന്നതാണ് ലൈഫ് ഭവന നിര്‍മ്മാണ മിഷനെ പറ്റിയുളള പ്രധാന പരാതി. ആദ്യഘട്ടത്തില്‍ നേരത്തെയുളള ഭവനപദ്ധതികള്‍ പ്രകാരം സഹായം ലഭിക്കുകയും എന്നാല്‍ നിര്‍മ്മാണം മുടങ്ങിയതുമായ വീടുകളുടെ പൂര്‍ത്തീകരണമാണ് നടന്നത്. തന്മൂലം ഓരോ വര്‍ഷവും പുതുതായി വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന പദ്ധതി നടക്കാതെയായി.

രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമി ഉളളവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് മിഷന്‍ ഏറ്റെടുത്തത്. 99,963 പേരടങ്ങുന്ന ഗുണഭോക്തൃപട്ടിക തയ്യാറാക്കി. ഇപ്പോള്‍ വീടുകള്‍ എങ്ങനെ നിര്‍മ്മിക്കും എന്ന ആലോചനയാണ് നടക്കുന്നത്. നാല് ലക്ഷം രൂപകൊണ്ട് 400 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള വീട് നിര്‍മ്മിക്കാനാണ് മിഷന്‍ സഹായം നല്‍കുന്നത്. എന്നാല്‍ കൈയിലുളള പണം ഉപയോഗിച്ച് വീടിന്റെ വിസ്തീര്‍ണം അല്‍പ്പം കൂട്ടാന്‍ ആഗ്രഹിച്ചാല്‍ ഉദ്യോഗസ്ഥര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല എന്നതാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കുളള വിമര്‍ശനം. ഇതിന്റെ പഴി കേള്‍ക്കേണ്ടി വരുന്നത് ജനപ്രതിനിധികളും.

പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കേണ്ടിടത്ത് പത്തും നിലകളുളള ഫ്ളാറ്റ് നിര്‍മ്മിക്കാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. എന്നാല്‍ ലിഫ്റ്റ് സൗകര്യം വേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അധികചെലവ് ചൂണ്ടിക്കാട്ടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തും. രൂപകല്‍പ്പന, നിര്‍മ്മാണം എന്നിങ്ങനെയുളള ഒരുകാര്യങ്ങളും ഗുണഭോക്താക്കള്‍ക്ക് അനുകൂലമല്ല എന്ന വിമര്‍ശനമാണ് സി.പി.ഐ.എം നേതൃയോഗങ്ങളില്‍ ഉയര്‍ന്നത്.

പദ്ധതി മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് ആയതിനാല്‍ തദ്ദേശഭരണമന്ത്രി എ.സി മൊയ്തീനും നിസ്സഹായനാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും വരുന്ന പരാതികള്‍ വകുപ്പ് സെക്രട്ടറിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ പലപ്പോഴും കൃത്യമായ മറുപടി കിട്ടുന്നില്ല. മറുപടി ഉണ്ടായാല്‍ തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട് എന്ന തരത്തിലുളളതാകും. പാവപ്പെട്ട ഭവനരഹിതര്‍ക്ക് സഹായകരമായി മാറേണ്ട പദ്ധതി ഉദ്യോഗസ്ഥ നേതൃത്വം കൈയടക്കിയിരിക്കുകയാണെങ്കിലും രാഷ്ട്രീയ വേദികളില്‍ സമാധാനം പറയേണ്ടി വരുന്നത് തദ്ദേശമന്ത്രിയാണ്.

പരിസ്ഥിതി അനുകൂല നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചതോടെ പ്രീ ഫാബ്രിക്കേഷന്‍ നിര്‍മ്മാണ ലോബികള്‍ സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വഴി സര്‍ക്കാരിലേക്ക് കടന്നുകയറാനുളള ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലൈഫ് മിഷന്‍ വഴിയുളള വീടുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും പുതിയ സാങ്കേതികവിദ്യയിലേക്ക് മാറണമെന്ന ഉദ്യേഗസ്ഥ നിര്‍ദ്ദേശത്തെ രാഷ്ട്രീയനേതൃത്വം സംശയത്തോടെയാണ് കാണുന്നത്.

ജനകീയാസൂത്രണ മാതൃകയില്‍ ലൈഫ് അടക്കമുളള മിഷനുകളിലും തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ജനകീയമാക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ബ്രാഞ്ച് വരെയുളള എല്ലാ ഘടകങ്ങെളെയും അറിയിക്കും. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പദ്ധതിയുടെ മുക്കാല്‍ പങ്കെങ്കിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.