ദേശീയ പണിമുടക്കിനിടെ ഇടത് യൂണിയന്‍ കൈയാങ്കളി; തിരുവനന്തപുരത്ത് സി.ഐ.ടി.യു- എ.ഐ.ടി.യു.സി തൊഴിലാളികള്‍ ഏറ്റുമുട്ടി

ദേശീയ പണിമുടക്കിനിടെ സിപിഐ- സിപിഎം തൊഴിലാളി സംഘടനകള്‍ തമ്മില്‍ കയ്യാങ്കളി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ഇരു പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനയിലെ ആളുകള്‍ തമ്മില്‍ ഏറ്റുനുട്ടലുണ്ടായത്. പണി മുടക്കിന്റെ ഭാഗമായി ഇരു പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകള്‍ വെഞ്ഞാറമൂട്ടില്‍ വെവ്വേറെ പന്തല്‍ കെട്ടിയിരുന്നു. ഇവിടെയുണ്ടായ മുദ്രാവാക്യം വിളിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമരത്തിനിടെ സിപിഐ അനുകൂല തൊഴിലാളി സംഘടനയായ എഐടിയുലി നടത്തിയ പ്രകടനം സിപിഎം അനുകൂലികളായ സിഐടിയു സമര പന്തലിന് മുന്നിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. എഐടിയുസി പ്രവര്‍ത്തകരെ മുദ്രാവാക്യം വിളിയെ സിഐടിയു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും ചേരി തിരിഞ്ഞ് കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു.

പിന്നീട് സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസി പന്തലിന് മുന്നില്‍ പ്രകടനമായെത്തുകയായിരുന്നു. ഇത് പൊലീസ് തടഞ്ഞതോടെ കല്ലേറ് ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.