'പിഎം ശ്രീയിൽ പുകഞ്ഞ് എൽഡിഎഫ്'; സിപിഐയുടെ എതിർപ്പ് മറികടന്ന് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുമോ?

രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ രൂപീകരിച്ച നയമാണ് ദേശീയ വിദ്യാഭ്യാസ നയം. കോത്താരിക്കമ്മീഷൻ ശുപാർശകളോടെ 1968 ലാണ് ദേശീയ വിദ്യാഭ്യാസ നയം ആദ്യമായി രൂപീകരിച്ചത്. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ ചർച്ചകൾക്കൊടുവിൽ 1968 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയത്താണ് ദേശീയ വിദ്യാഭ്യാസ നയമെന്ന ആശയം സ്ഥാപിതമാകുന്നത്. 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുതൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചുള്ള ചില മാറ്റങ്ങൾ വന്നുതുടങ്ങി. 2020ൽ ആണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ മോദി സർക്കാർ പ്രകടമായ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ. അതായത് ഒറ്റവാക്കിൽ പിഎം ശ്രീ പദ്ധതി.

കേരളത്തെ സംബന്ധിച്ച് ഇപ്പോൾ പിഎം ശ്രീയിൽ പുകഞ്ഞ് നിൽക്കുകയാണ് എൽഡിഎഫ്. പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ-സിപിഎം നിലപാടാണ്എതിർപ്പിന് ആധാരം. ഫണ്ടാണ് മുഖ്യം എന്ന നിലപാടോടെയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ഭാഗമാകാൻ ഒരുങ്ങുന്നത്. എന്നാൽ പദ്ധതി നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് സിപിഐ.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായ രണ്ട് പ്രാവശ്യവും സിപിഐ ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. അതിനാൽ തന്നെ പിഎം ശ്രീയില്‍ ചേരാനുള്ള നിലപാടുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സമ്മതമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ കേന്ദ്രം സമഗ്രശിക്ഷാ പദ്ധതിയുടെ ഉൾപ്പെടെ 1300 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. പി എം ശ്രീയുമായി ബന്ധപ്പെട്ട 1476 കോടി രൂപ എന്തിന് കളയണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു.

ഫണ്ടാണ് മുഖ്യം എന്ന നിലപാടോടെ സിപിഐയുടെ എതിർപ്പ് അവഗണിച്ച് പദ്ധതിയിൽ ഒപ്പുവയ്ക്കാൻ വിദ്യാഭ്യാസവകുപ്പ് വീണ്ടും തീരുമാനമെടുത്തതോടെയാണ് വിഷയം വീണ്ടും വിവാദമായത്. സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്ര ബ്രാൻഡിങ്ങിനു വഴങ്ങി കേന്ദ്രഫണ്ട് വാങ്ങിയെന്ന ന്യായമാണ് മന്ത്രി വി ശിവൻകുട്ടി ഉന്നയിക്കുന്നത്. എന്നാൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അടിയുറച്ച് നിൽക്കുകയാണ് സിപിഐ. പിഎം ശ്രീ പദ്ധതിയിൽ ഇനി പങ്കാളിയായാലും കേരളത്തിനു വലിയ തുകയൊന്നും കിട്ടാൻ പോകുന്നില്ലെന്ന നിലപാടും സിപിഐക്കുണ്ട്.

2023ൽ തുടങ്ങിയ പദ്ധതിക്ക് ഒരു വർഷം കൂടിയേ കാലാവധിയുള്ളു. സ്കൂ‌ളുകൾക്ക് ഒരു വർഷത്തെ വിഹിതമായി 22 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. അതിൽ 40 ശതമാനം സംസ്‌ഥാന സർക്കാർ നൽകണമെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. വർഗീയ അജൻഡകൾ കുട്ടികളിൽ കുത്തിവയ്ക്കാനുള്ള നീക്കങ്ങളെ അംഗീകരിക്കാത്ത കേരളം പോലുള്ള സംസ്‌ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാർ ബുദ്ധിയുടെ ഉൽപന്നമാണ് പിഎം ശ്രീ എന്നാണ് സിപിഐയുടെ നിലപാട്. ഇതിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കും. പിഎം ശ്രീ ഒപ്പുവച്ചാൽ നടപ്പാക്കുന്ന വിദ്യാലയം എൻഇപി അനുസരിച്ചുള്ള പാഠ്യപദ്ധതിയും കേന്ദ്ര പുസ്‌തകങ്ങളും പഠിപ്പിക്കണം. അതിൻ്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര ഏജൻസിക്കാകും. കരിക്കുലം, പാഠ്യപദ്ധതി, മനുഷ്യശേഷി വിനിയോഗം, സ്കൂ‌ൾ നേതൃത്വം, നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ ദേശീയവിദ്യാഭ്യാസനയത്തിന് വിധേയമായിരിക്കും. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തു രണ്ടു തരം വിദ്യാലയങ്ങൾ സൃഷ്‌ടിക്കപ്പെടും. പിഎം ശ്രീ സ്കൂളുകളുടെ നിയന്ത്രണം സംസ്‌ഥാന സർക്കാരിനു നഷ്ടമാകും എന്നതാണ് സിപിഐ നിലപാട്.

കൂടാതെ കിഫ്ബി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം, എംഎൽഎ ഫണ്ട്, എംപി ഫണ്ട്, പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതികൾ, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായങ്ങൾ എന്നിവയിലൂടെ കോടികൾ ചെലവഴിച്ച് ലോകോത്തര നിലവാരത്തിലെത്തിയ നമ്മുടെ നാട്ടിൻപുറത്തെ വിദ്യാലയങ്ങൾ 60:40 വ്യവസ്‌ഥയിൽ അടിയറവു വ‌യ്ക്കേണ്ടതില്ലെന്നും തമിഴ്‌നാട് മാതൃകയിൽ കോടതിയെ സമീപിച്ച് ഫണ്ട് നേടിയെടുക്കാനുള്ള നീക്കമാണ് ഉണ്ടാകേണ്ടതെന്നും സിപിഐ കരുതുന്നു.

എന്നാൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും എൻഇപിയിലെ തെറ്റായ അജൻഡകൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം നേതൃത്വവും പറയുന്നത്. പിഎം ശ്രീ പദ്ധതിക്കായി സംസ്‌ഥാനവും കേന്ദ്രസർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൻ്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്‌ഥകൾ ഭാഗികമായി നടപ്പാക്കാതിരിക്കാനാകില്ലെന്നു ചുരുക്കം. സംസ്ഥാനം മുഴുവൻ തിടുക്കത്തിൽ നടപ്പാക്കേണ്ടി വരില്ലെങ്കിലും പദ്ധതിയിൽ ഉൾപ്പെടുന്ന സ്‌കൂളുകളിൽ നടപ്പാക്കിയേ മതിയാകൂ എന്നാണ് കേന്ദ്ര നിബന്ധന. കേരളം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ കെട്ടിപ്പടുത്ത സ്‌കൂളുകളെ എൻഇപി നടപ്പാക്കാനുള്ള കേന്ദ്രങ്ങളായി കേന്ദ്രത്തിന് വിട്ടുനൽകേണ്ടതുണ്ടോ എന്നതാണ് പദ്ധതിയെ എതിർക്കുന്ന സിപിഐ ഉന്നയിക്കുന്ന ചോദ്യം.

ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് പൂർണതോതിൽ നടപ്പാക്കേണ്ടി വരുമെന്ന് പദ്ധതിരേഖ. കരാർ ഒപ്പിട്ട ശേഷം സംസ്‌ഥാനം പിന്തിരിഞ്ഞാൽ അത് പുതിയ സംഘർഷത്തിനാകും വഴിവയ്ക്കുക. നിയമപരമായും സംസ്ഥാനം പ്രതിരോധത്തിലാകും. അങ്ങനെയെങ്കിൽ നിലവിൽ സിപിഐയുടെ എതിർപ്പ് മറികടന്ന് സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പിടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സിപിഐയുടെ എതിർപ്പ് മറികടന്ന് മാത്രമേ സർക്കാരിന് പദ്ധതിതയുമായി മുന്നോട്ട് പോകാനാകു.

Read more