കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി, രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കനത്തമഴയെ തുടര്‍ന്ന് കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍. മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയാണ് ഒഴുക്കില്‍പ്പെട്ടത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ അമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. വെള്ളറയിലെ മണാലി ചന്ദ്രന്‍, താഴെ വെള്ളറയിലെ രാജേഷ് എന്നിവരും രാത്രി ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരച്ചില്‍ തുടരുകയാണ്. കാണാതായ ഒരാളുടെ വീട് പൂര്‍ണമായും ഒഴുകി പോയി.

കാണാതായ കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ്. കണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു.

അതേസമയം വെള്ളിയാഴ്ച വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.