ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി

ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസിന്റെ വിചാരണക്കായി കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന കര്‍ദിനാളിന്റെ ഹര്‍ജി കോടതി തള്ളി. നേരിട്ട് ഹാജരാക്കുന്നതില്‍ കര്‍ദിനാളിന് ഇളവ് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരായി ജാമ്യമെടുത്ത ശേഷം ഇളവിനായി അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവിലുണ്ട്. ഹര്‍ജി തള്ളിയതോടെ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കര്‍ദിനാള്‍ നേരിട്ട് ഹാജരാക്കണം.

തൃക്കാക്കരയിലെ കരുണാലയം, ഭാരത മാത കോളജ് പരിസരങ്ങളിലെ ഭൂമിയുടെ വില്‍പനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്. കരുണാലയ പരിസരത്തെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ആറ് കേസും ഭാരതമാത കോളജിന് സമീപത്തെ ഭൂമി സംബന്ധിച്ച് ഒരു കേസുമാണ് ഉള്ളത്.

വില്‍ക്കാന്‍ അനുമതിയില്ലാത്ത ഭൂമി വില്‍പന നടത്തി, സാമ്പത്തിക നഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ കേസിലാണ് കോടതി നിര്‍ദേശം.

നേരത്തേ മേയ് 16ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ അത്യാവശ്യ യാത്രകള്‍ ചെയ്യേണ്ട സാഹചര്യങ്ങളുണ്ടെന്നും അതിനാല്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജ് ആലഞ്ചേരിയുടെ ഹരജി.

അതേസമയം, കര്‍ദിനാളിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദര്‍ശിക്കുന്നുണ്ടെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. കോടതിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.