പാലക്കാട് ജില്ലയിലെ ധോണി ജനവാസമേഖലയില്‍ എല്ലാവരെയും വിറപ്പിച്ച് നടന്നിരുന്ന കൊമ്പനാണ് ഇന്നലെ കൂട്ടില്കയറ്റിയത്. പാലക്കാട് ടസ്കര്‍ 7 (പിടി7) എന്ന പേരില്‍ അറിയപ്പെട്ട ഒറ്റയാനെ തളയക്കാന്‍ വനംവകുപ്പ് ചെറിയ പരിശ്രമം ഒന്നുമല്ല നടത്തിയത്. ദൗത്യസംഘം ദിവസങ്ങളോളം കാത്തിരുന്നിട്ടും കൊമ്പനെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വനം വകുപ്പിന്റെ വലംകൈയ്യായ കുങ്കി സുരേന്ദ്രന് ഇറങ്ങേണ്ടിവന്നു പിടി 7നെ കൂട്ടിലാക്കാന്‍. ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വാക്കുകളാണ് ‘കുങ്കി’യും ‘കോന്നി സുരേന്ദ്രനും’
കുങ്കി ആനകള്‍
മാനസാന്തരപ്പെട്ട ചട്ടമ്പികളായ ആനകളാണ് കുങ്കികള്‍ അഥവാ താപ്പാനകള്‍ എന്ന് അറിയപ്പെടുന്നത്.
നാട്ടിലിറങ്ങി അക്രമം കാട്ടുന്ന കാട്ടാനകളെ വിരട്ടി കാടു കേറ്റാനും കാട്ടില്‍ നിന്ന് ആനകളെ പിടികൂടി മെരുക്കി ആന സങ്കേതത്തില്‍ എത്തിക്കാനുമൊക്കെയാണ് കുങ്കികളെ ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ വിളിക്കുന്ന പേരാണ് കുങ്കിയാനകള്‍ എന്നത്. കേരളത്തില്‍ ഇതു താപ്പാനകള്‍ എന്നാണ് അറിയപ്പെടുന്നത്. ആനയിലെ ചട്ടമ്പികളാണ് പരിശീലനത്തിലൂടെ താപ്പാനകളായി മാറുന്നത്. ധൈര്യവും ശൗര്യവും ഒട്ടും ചോരാതെ അല്പം ഗൗരവക്കാരനാക്കി പരുവപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. സര്‍വ്വ ചട്ടമ്പിത്തരവും കഴിഞ്ഞ് മയപ്പെട്ടു വന്നവരാണ് താപ്പാനകള്‍.
ആനച്ചട്ടമ്പികളെ വിരട്ടാന്‍ കുങ്കികള്‍ക്ക് പല തന്ത്രങ്ങളുമറിയാം. സമയവും സന്ദര്‍ഭവും ആവശ്യവുമൊക്കെ തിരിച്ചറിഞ്ഞ് അവ പ്രവര്‍ത്തിക്കും. കൂടുതല്‍ ധൈര്യം പകരാന്‍ പാപ്പാനും കൂടെയുണ്ടാവും. കാടും നാടും വിറപ്പിച്ചു നില്ക്കുന്ന റൗഡിയാനകള്‍ക്ക് താപ്പാനകളെ കാണുമ്പോള്‍ തന്നെ മുട്ടുവിറയ്ക്കും. തുമ്പിക്കൈയും വാലും കൊമ്പുമൊക്കെ കുലുക്കി, ഉടലു വളച്ചു നിന്ന് ഭയപ്പെടുത്തും. കാട്ടാനകള്‍ക്ക് ഭയമുണ്ടാക്കുന്ന തരത്തില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ കൂടിയാണ് താപ്പാനകള്‍.
സാധാരണ ആനകളേക്കാള്‍ വലുപ്പവും ബുദ്ധിയും ശക്തിയുമുള്ളവയായിരിക്കും താപ്പാനകള്‍. പ്രത്യേക ശിക്ഷണവും പരിചരണവും കൂടിയാവുമ്പോള്‍ അവര്‍ക്ക് ഗൗരവം കൂടും. സാധാരണയായി കൊമ്പനാനകളെയാണ് താപ്പാനകളായി ഉപയോഗിക്കുക. വര്‍ഷത്തില്‍ മൂന്നുമാസം വീതമെന്ന കണക്കില്‍ അഞ്ചു വര്‍ഷത്തോളമാണ് പരിശീലനം. വേവിച്ച മുതിര, പനഞ്ചക്കര, പഞ്ഞപ്പുല്ല്, തേങ്ങ, ഉപ്പ് എന്നിവയൊക്കെ ചേര്‍ത്ത പ്രത്യേക ഭക്ഷണമാണ് പരിശീലന കാലത്തു നല്‍കുക.
താപ്പാനകളാക്കാനുള്ള പരിശീലനത്തിന്റെ ആദ്യ ഭാഗം അവയെ അനുസരണക്കാരനാക്കിയെടുക്കുക എന്നതാണ്. തടി കൊണ്ട് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലടച്ചാണ് പരിശീലനം തുടങ്ങുക. കൂടുപൊളിക്കാനും പുറത്തു ചാടാനുമൊക്കെ അവ പരിശ്രമിക്കും. തന്നെക്കൊണ്ട് അതിനു കഴിയില്ലെന്ന് പതുക്കെപ്പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങും. അതോടെ പരിശീലകര്‍ ചെറിയ ചെറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ഡോക്ടര്‍മാരുടെയും വനം ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുക. പുറത്തേക്കു കൊണ്ടു പോയും പാപ്പാനൊപ്പം കാട്ടില്‍ സവാരി നടത്തിയും മറ്റാനകളുമായിടപഴകിച്ചും താപ്പാനകളെ മാനസികമായി ഒരുക്കിയെടുക്കും. ഇതൊക്കെ കഴിഞ്ഞാണ് ആള് മര്യാദക്കാരനായോ എന്നു പഠിക്കാനുള്ള പരിശോധനകള്‍ നടക്കുന്നത്. ആനകളെയും കടുവകളെയും വരെ തുരത്താനുള്ള പരിശീലനം കുങ്കി ആനകള്‍ക്ക് നല്‍കുന്നുണ്ട്.
വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണു കുങ്കിയാനകള്‍. കാട്ടാനകളുടെ എല്ലാ ബലവും ബലഹീനതയും അറിയുന്നവരാണ് എന്നതിനാല്‍ ഇവര്‍ പരിശീലനം കൂടി ലഭിക്കുന്നതോടെ ആനകളെ തുരത്താന്‍ കഴിവുള്ളവരാകും. കുങ്കി എന്നത് ഉറുദു വാക്കാണ്. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നില്ക്കാന് ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിര്‍ത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു.
കേരളത്തിന്റെ ലക്ഷണമൊത്ത കുങ്കി ‘കോന്നി സുരേന്ദ്രന്’
ഒരുനാടിനെ മുള്‍മുനയില്‍ നിര്‍ത്തി പാലക്കാട് ടസ്കര്‍ 7 എന്ന കാട്ടാനയെ വനപാലക സംഘം മയക്കുവെടിവെച്ചപ്പോള്‍ എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് കേരളത്തിലെ പ്രധാന കുങ്കിയായ കോന്നി സുരേന്ദ്രനായിരുന്നു. കോന്നിക്കാരുടെ ഇഷ്ടതോഴനായിരുന്നു സുരേന്ദ്രന്. 23 വര്‍ഷം മുന്‍പു പത്തനംതിട്ട റാന്നി വനത്തിലെ രാജാമ്പാറ വനത്തില്‍ പിടിയാന ചരിഞ്ഞതിനെത്തുടര്‍ന്ന് എത്തിയ വനം ഉദ്യോഗസ്ഥര്‍ക്ക കിട്ടിയ ഈ കുട്ടിക്കൊമ്പനെ കുപ്പിപ്പാല് വരെ നല്‍കിയാണ് കോന്നി ആന പരിപാലന കേന്ദ്രത്തില്‍ വനപാലകരും നാട്ടുകാരും സംരക്ഷിച്ചത്. അന്നു പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സുരേന്ദ്രനാഥന്‍ ആചാരിയുടെ പേര് ആ കുട്ടിയാനയ്ക്കു നല്കി. കോന്നി ആനക്കൂട്ടിലായിരുന്നു സുരേന്ദ്രനു തുടക്കത്തില്‍ പരിചരണം. പിന്നീടു പരിശീലനം നല്കി കുങ്കിയാനയാക്കി 7 വര്‍ഷം മുന്‍പു മുത്തങ്ങയിലേക്കു കൊണ്ടുപോയത്.
കോട്ടൂരില്‍ 27 ആനകള്‍ ഉള്ളപ്പോള്‍ സുരേന്ദ്രനെ തന്നെ പരിശീലനത്തിനു കൊണ്ടുപോകുന്നത് എന്തിനെന്നായിരുന്നു നാട്ടുകാര്‍ ഉന്നയിച്ച ചോദ്യം. അന്ന് വനം വകുപ്പിന്റ കീഴിലുള്ള ആനകളെ എല്ലാം നിരീക്ഷിച്ച ശേഷമാണ് സുരേന്ദ്രനെ തെരഞ്ഞെടുത്തത്. മറ്റെല്ലാ മികവിനും പുറമേ അല്പം ചട്ടമ്പിത്തരമുള്ള ആനയെ മാത്രമേ കുങ്കിയാന പരിശീലനത്തിന് അയയ്ക്കാനാവൂ എന്നാണ് ചട്ടം. മറ്റുള്ളവയെ ഭയമില്ലാത്ത ആനയ്ക്ക് മാത്രമേ കാട്ടാനയെ തുരത്താന്‍ കഴിയു എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. കോന്നി സുരേന്ദ്രന് ആരെയും ഭയമില്ലെന്നായിരുന്നു വനംവകുപ്പിന്റെ കണ്ടെത്തല്‍.
വയനാട്, പാലക്കാട് ജില്ലകളില്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങിയാല്‍ അവയെ തുരത്താന്‍ സുരേന്ദ്രന് ഒരു ആവശ്യമായി മാറിക്കഴിഞ്ഞു. അവിടുത്തെ നാട്ടുകാര്‍ക്കൊക്കെ ഇപ്പോള്‍ സുരേന്ദ്രന് പരിചിതമായിക്കഴിഞ്ഞു.
10 കുങ്കി ആനകള്‍ വനംവകുപ്പിന് ഇപ്പോഴുണ്ട്. സുരേന്ദ്രനാണ് കാട്ടാനകളെ തുരത്താനും അവയെ പിടിക്കാനും മുന്നില്‍. കഴിഞ്ഞിടെ വയനാട്ടില്‍ ഇറങ്ങിയ കാട്ടാനയെ കുടുക്കാന്‍ സുരേന്ദ്രനാണ് പ്രധാന പങ്ക് വഹിച്ചത്.
ഇന്നലെ സുരേന്ദ്രനൊപ്പം സഹായിയായി നിന്ന ഭരതനും വിക്രമും ഒരിക്കല്‍ നാടുവിറപ്പിച്ച കൊമ്പന്മാരാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങയോടു ചേര്‍ന്ന മേഖലകളെ വിറപ്പിച്ച കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനുമാണ് ഭരതന് വിക്രം എന്നീ പേരുകളില്‍ കുങ്കിയായി അവതരിച്ചിരിക്കുന്നത്.
2016ല്‍ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളില്‍ സ്ഥിരം പ്രശ്നക്കാരനെ നാട്ടുകാര്‍ കല്ലൂര്‍ കൊമ്പനെന്നു വിളിച്ചു. ഒന്നു കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവന്‍. കല്ലൂര്‍ രാജീവ് ഗാന്ധി ആശ്രമം സ്കൂളിനു സമീപം ഒരാളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചതോടെ 2016 നവംബര്‍ 22നു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കുകയായിരുന്നു. ഈ ആനയ്ക്കു ഭരതനെന്ന പേരു വീണു. ആറാം തമ്പുരാന് സിനിമയില്‍ ഇന്നസന്റ് അവതരിപ്പിച്ച ഭരതന് എസ്ഐ എന്ന കഥാപാത്രമാണ് അതിനു കാരണമായത്. 2017 നവംബര്‍ മുതല്‍ മുത്തങ്ങയ്ക്കടുത്ത വടക്കനാട് മേഖലയെ വിറപ്പിച്ചവനാണു വടക്കനാട് കൊമ്പന്. പൊന്‍കുഴിയില്‍ ഗോത്ര വിദ്യാര്‍ഥിയായ മഹേഷിനെ കുത്തിക്കൊന്നതോടെ മയക്കുവെടി വച്ചു പിടികൂടി. ഈ കൊമ്പനെ മെരുക്കിയെടുക്കാനും ഏറെക്കാലമെടുത്തു. വിക്രം എന്ന പേരാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നല്‍കിയത്.
Read more
ഇന്നലെ രാവിലെ മയക്കുവെടിയേറ്റ് പിടി 7 കൊമ്പന് മയങ്ങുന്നതിന് മുമ്പുതന്നെ കോന്നി സുരേന്ദ്രനും കുങ്കികളായ ഭരതും വിക്രമും ചേര്‍ന്നാണ് ആനയെ ലോറിയില്‍ കയറ്റിയത്. പാതിമയക്കത്തിലും ബലംപിടിച്ചുനിന്ന ‘പി.ടി.7’-ന്റെ ഇരുവശത്തും കുങ്കികളായ ഭരതും വിക്രമും നിന്നു. പിന്നില്‍നിന്ന കുങ്കി കോന്നി സുരേന്ദ്രന് താരതമ്യേന ശക്തനായ ‘പി.ടി.7’-നെ മസ്തകംകൊണ്ട് ഇടിച്ച് മുന്നോട്ട് നിരക്കിനീക്കി. വനത്തില്‍ ലോറിയിലേക്ക് ആനയെ കയറ്റാനായി തയ്യാറാക്കിയ റാമ്പിലെത്തിയപ്പോള്‍ ‘പി.ടി.7’-ന്റെ ബലംപിടുത്തം കൂടുതലായി. പിന്നീട്, ഏറെ പരിശ്രമിച്ച് ലോറിക്ക് അടുത്തെത്തിച്ചെങ്കിലും ലോറിയുടെ പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ കൊമ്പന് തയ്യാറായില്ല. ആദ്യ രണ്ടുവട്ടവും സുരേന്ദ്രന് ഇടിച്ച് മുന്നോട്ട് നീക്കുമ്പോഴും ‘പി.ടി.7’ പിന്നോട്ട് വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ മൂന്നാംവട്ടം ഒറ്റയിടിക്കാണ് നാടിനെ വിറപ്പിച്ച പാലക്കാട് ടസ്കേസ് 7 ലോറിയില്‍ കയറ്റി ആനക്കൂട്ടില്‍ പൂട്ടിയത്.