ഇസ്രയേലുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കന്‍ ഇറാനില്‍ ഇതോടെ ശക്തമായ പ്രകമ്പനമാണ് രേഖപ്പെടുത്തിയത്. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ഇസ്രയേല്‍ ആക്രമണത്തെ കുറിച്ചും സംശയം ബലപ്പെടുന്നുണ്ട്.
അറേബ്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ആല്‍പൈന്‍-ഹിമാലയന്‍ സീസ്മിക് ബെല്‍റ്റിനടുത്തുള്ള സ്ഥാനം കാരണം ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഈ ടെക്‌റ്റോണിക് ക്രമീകരണം പതിവായി ഭൂകമ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഓരോ വര്‍ഷവും ശരാശരി 2,100 ഭൂകമ്പങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുന്നതാണ്. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രത കൈവരിക്കുന്നവയാണ്. ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാനെന്നതും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നതെന്നുതും യഥാര്‍ത്ഥ ഭൂകമ്പ സാധ്യതയും തള്ളികളായാനാവില്ല.
Read more
കഴിഞ്ഞദിവസം റസാവി ഖൊറാസാന്‍ പ്രവിശ്യയിലെ കാഷ്മാറിനടുത്ത് 4.2 തീവ്രതയിലും ജൂണ്‍ 17-ന് ബുഷെര്‍ പ്രവിശ്യയിലെ ബോറാസ്ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. അതിനിടെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഒരാഴ്ച പിന്നിടുകയാണ്. യുദ്ധക്കെടുതിമൂലം ടെഹ്‌റാനിലും ടെല്‍ അവീവിലും ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും സംഘര്‍ഷം കാരണമായി.







