കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍: മരണം മൂന്നായി, ഇനിയും കണ്ടെത്താനുള്ളത് രണ്ടു പേരെ

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. എന്‍ഡിആര്‍എഫ് സംഘവും തിരച്ചിലിനെത്തും.

കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും വി.യു. കുര്യാക്കോസ് പറഞ്ഞു.

കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്ന് പറഞ്ഞ മന്ത്രി ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റവന്യുമന്ത്രി കെ.രാജനും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശവാസികളെ കുടയത്തൂര്‍ സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്.