'ഓൺലൈൻ ബുക്കിം​ഗിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി'; പരാതികളുടെ അടിസ്ഥാനത്തിൽ തീരുമാനം

ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും, അംഗപരിമിതർക്കും, മുതിർന്ന പൗരന്മാർക്കും, അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇതു മൂലം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുമ്പോൾ 3,4,5,8,9,10,13,14,15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായി ബുക്ക് ചെയ്തു നൽകുന്നതിനായി ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കെഎസ്ആ‌ർടിസി അറിയിച്ചു. കൂടാതെ അംഗപരിമിതർ മുതിർന്ന പൗരൻമാർ, അന്ധൻ തുടങ്ങിയവർക്കായുള്ള 21,22,26,27,31,47,52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്.