ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് രാഖിൽ പറഞ്ഞു; വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു

മാനസയുമായുള്ള ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് രാഖിൽ ബന്ധുക്കളോട് പറഞ്ഞിരുന്നതായി വിവരം. കൂടാതെ വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഗൾഫിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും രാഖിൽ കുടുംബത്തെ അറിയിച്ചിരുന്നു. ജോലിക്കെന്നും പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും പോയത്.

അതേസമയം, കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മാനസയുടെ ബന്ധുക്കൾ പുലർച്ചെ കോതമംഗലത്ത് എത്തി. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിലേക്കും തിരിച്ചിട്ടുണ്ട്. രാഖിലിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ഇത്.

Read more

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചാകും ഇരുവരുടെയും പോസ്റ്റ്മോർട്ടം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ മാനസയുടെ സഹപാഠികളുടെ വിശദമൊഴിയും ഇന്ന് രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളും ശേഖരിക്കും. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു കണ്ണൂർ സ്വദേശിനിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ ആശുപത്രിയിലെ ഹൗസ് സർജനുമായിരുന്ന മാനസയ്ക്ക് സുഹൃത്തായിരുന്ന രഖിലിന്റെ വെടിയേറ്റത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പിന്നീടു പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.