കൂടത്തായി: സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ വ്യത്യസ്ത അന്വേഷണം വേണം; പോസ്റ്റുമോര്‍ട്ടം ഇല്ലാത്തത് വെല്ലുവിളിയാണെന്നും ഡോ.ദിവ്യ ഗോപിനാഥ്

കൂടത്തായി കൊലപാതക പരമ്പര കേസുകളില്‍ സയനൈഡ് സാന്നിദ്ധ്യം കണ്ടെത്താന്‍ വ്യത്യസ്ത അന്വേഷണം വേണമെന്നു സാങ്കേതിക സംഘത്തെ നയിക്കുന്ന ഡോ.ദിവ്യ ഗോപിനാഥ്. അഞ്ച് മരണത്തില്‍ പോസ്റ്റുമോര്‍ട്ടം ഇല്ലാത്തത് വെല്ലുവിളിയാകും. കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പരിശോധിക്കും. അന്വേഷണസംഘവുമായും വിദഗ്ധരുമായും ചര്‍ച്ച നടത്തുമെന്നും ദിവ്യ ഗോപിനാഥ് മാധ്യമങ്ങളോടു പറഞ്ഞു.

കൂടുതല്‍ തെളിവുകള്‍ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യുന്നു. കസ്റ്റഡിയിലുള്ള മാത്യു, പ്രജി കുമാര്‍ എന്നിവരെയും എസ്.പി ഓഫീസിലെത്തിച്ചു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമുള്ള ചോദ്യംചെയ്യല്‍ തുടരുന്നു.

കൊലപാതക പരമ്പരയില്‍ എവിടെയെങ്കിലും ഷാജുവിനോ സഖറിയാസിനോ പങ്കുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. രാവിലെ എട്ട് മണിയോടെ എത്തിയ ഇരുവരില്‍ നിന്നും എസ്.പി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നായിരുന്നു അന്വേഷണ ഉദ്യോസ്ഥരുടെ ചോദ്യം ചെയ്യല്‍. ഷാജു നെരത്തെ നല്‍കിയ മൊഴികളെ ഖണ്ഡിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന് കൊടുക്കാനുള്ള ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയത് താനാണെന്നും കഴിപ്പിച്ചത് മറ്റൊരാളാണെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

ജോളിയാണ് ഭക്ഷണം എടുത്ത് നല്‍കിയതെന്ന് ഷാജുവിന്റെ സഹോദരി ഷീന അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കട്ടപ്പനയിലെത്തിയ പൊലീസ് ജോളിയുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തു.

റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ തകിടു പൂജിച്ചു നല്‍കിയ കട്ടപ്പനയിലെ ജ്യോത്സ്യനെയും ചോദ്യം ചെയ്തു. വ്യാജരേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ജോളിയെ സഹായിച്ച ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ജയശ്രീയെ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു വിളിച്ചു വരുത്തി.

അതേ സമയം കല്ലറയില്‍ നിന്ന് ശേഖരിച്ച വസ്തുക്കളില്‍, ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്റെ ബാക്കി ഭാഗം കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് കൊണ്ടുപോയി. ഐ.സി.ടി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം എസ്.പിയെ കണ്ടു.