ജോളിയുടെ ലക്ഷ്യം പണം മാത്രമെന്ന് ഷാജു, തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ്

കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയെ തള്ളി രണ്ടാം ഭര്‍ത്താവ് ഷാജുവും ഷാജുവിന്റെ പിതാവ് സക്കറിയയും രംഗത്ത്.

രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യമെന്നും ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും വെളിപ്പെടുത്താനുണ്ട്. കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് ജോലിയുണ്ടെന്ന് ജോളി കള്ളം പറഞ്ഞത്. എല്ലാ ദിവസവും വീട്ടില്‍ നിന്നും പോകാന്‍ ജോലിയുണ്ടെന്ന് പറഞ്ഞു. ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. പക്ഷെ അതെക്കുറിച്ച് പരിമിതമായി മാത്രമേ ചോദിച്ചിരുന്നുള്ളൂവെന്നും ഷാജു പറഞ്ഞു.

ഇനി പൊതുസമൂഹത്തിന്റെ മുമ്പില്‍  ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ, ജോളി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ല. യാതൊരു നിയമസഹായവും ജോളിക്ക് കൊടുക്കില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളിയാണെന്നും ആദ്യ ഭാര്യ സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോളി തന്നെ ഫോണില്‍ വിളിച്ച് തുടങ്ങിയെന്നും ഷാജു പറഞ്ഞു.

ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ് സക്കറിയയും പറഞ്ഞു. ഷാജുവിന്റെ അമ്മയെയും ഇതിലേക്ക് വലിച്ചിഴക്കാനാണ് ജോളി ശ്രമിക്കുന്നത്. ജോളി ഒറ്റക്കല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തമല്ലേയെന്നും സക്കറിയ ചോദിച്ചു.

ജോളി തങ്ങളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന്  സക്കറിയ വെളിപ്പെടുത്തി. കുട്ടിക്ക് കൊടുക്കാനെന്ന വ്യാജേന ജോളി ഭക്ഷണവുമായി വീട്ടിലെത്തിയിരുന്നു. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ജോളി ശ്രമിച്ചിരുന്നതെന്നും ഷാജുവിന്റെ പിതാവ് പറഞ്ഞു.

അതേസമയം രണ്ടാം വിവാഹത്തിന് മുന്‍കയ്യെടുത്തത് സിലിയുടെ സഹോദരനാണെന്ന ഷാജുവിന്റെ വാദം കുടുംബം നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം പറഞ്ഞു. വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.