കൊടകര കുഴൽപ്പണ കവർച്ചക്കേസ്; രണ്ട് പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി രൂപ കൊടകരയിൽ കവർന്ന കേസിൽ  പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് വീണ്ടും തുടങ്ങും. രണ്ടു പ്രതികളോട് ഇന്ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി. ഹർത്താൽ കാരണം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പ്രതികൾ അറിയിച്ചു.തുടർന്ന് ചോദ്യം ചെയ്യൽ ഇന്നേയ്ക്ക് മാറ്റുകയായിരുന്നു.

കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുക ആണ് ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ, ബി ജെ പിയുടെ  തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തൽ. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷ്യം. 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി തേടി പൊലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു.

നിലവിൽ കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പണം തട്ടിയെടുക്കാനും ഒളിപ്പിക്കാനും നേരിട്ട് പങ്കാളികളായ 22 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ബി.ജെ.പി നേതാക്കളെ പ്രതി ചേർത്തിട്ടില്ല. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം 19 നേതാക്കൾ കേസിൽ സാക്ഷികളാണ്. ഒന്നരക്കോടിയോളം കണ്ടെത്താനുണ്ട്.ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ബിജെപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം  ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.