കൊച്ചി മെട്രോയുടെ ഓണസമ്മാനം, ചൊവ്വാഴ്ച മുതൽ യാത്ര തൈക്കൂടം വരെ

കൊച്ചി മെട്രോയുടെ മഹാരാജാസ് കോളേജ് സ്റ്റേഷൻ മുതൽ തൈക്കൂടം വരെയുളള റീച്ചിൽ ചൊവ്വാഴ്ച മുതൽ സർവീസ് തുടങ്ങും. ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് മുഖ്യമന്ത്രി ഈ റൂട്ടിൽ യാത്ര ചെയ്യും.

ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ റെയിൽ സേഫ്ടി കമ്മീഷണറുടെ പരിശോധന കൊച്ചിയിൽ തുടരുകയാണ്. ഇന്ന് വൈകിട്ടോടെ പരിശോധന പൂർത്തിയാക്കി അന്തിമാനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുളള പരിശോധനയിൽ പൂ‍ർണതൃപ്തിയാണ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരിക്കുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള റൂട്ടാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം.

പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിൽ അഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും. ഈ ദൂരത്തിനിടയിലുള്ള തൂണുകൾ , ഗര്‍ഡറുകള്‍, ഇരുമ്പുപാലങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിക്കുന്നുണ്ട്. ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്‌നിശമനാ സംവിധാനങ്ങള്‍, എമര്‍ജന്‍സി ട്രിപ്പിങ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടും.
മഹാരാജാസ് -തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും വാട്ടർ മെട്രോയുടേയും പേട്ട -എസ്എൻ ജംഗ്ഷൻ പാതയുടേയും നിർമ്മാണോദ്ഘാടനവും ഒരേ ദിവസം നിർവഹിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ നേരത്തേ അറിയിച്ചിരുന്നു.