ഇന്‍ഫോപാര്‍ക്ക് ഓഫീസിന് ചോര്‍ച്ച; ഐടി കമ്പനികളുടെ അകത്തേക്ക് പുഴപോലെ വെള്ളമെത്തി; ഒറ്റമഴയില്‍ കഴുത്തറ്റം മുങ്ങി കിടക്കുന്ന കാമ്പസ്; ലക്ഷങ്ങളുടെ നഷ്ടം; ഭീതിയില്‍ ടെക്കികള്‍

ഒറ്റമഴയില്‍ വെള്ളം കയറി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ലക്ഷങ്ങളുടെ നഷ്ടം. ഒരു മണിക്കൂര്‍ പെയ്ത മഴയില്‍ ക്യാമ്പസിനുള്ളിലും ഓഫീസുകളിലും വരെ വെള്ളം കയറി ഇലട്രോണിക്ക് ഉപകരണങ്ങള്‍ വരെ നശിച്ചു. പെരുമഴയില്‍ ഇന്‍ഫോപാര്‍ക്ക് ക്യാംപസ് കഴുത്തോളമാണ് മുങ്ങിയത്.

റോഡുകളും പാര്‍ക്കിങ് സ്ഥലങ്ങളും വെള്ളത്തിലായി. വെള്ളക്കെട്ടു മൂലം ഐടി സമുച്ചയങ്ങളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ജീവനക്കാര്‍ കുരുങ്ങി. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ചിലതു വെള്ളക്കെട്ടില്‍ ഒഴുകി നീങ്ങി. ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് അവയില്‍ ചിലതു മറിഞ്ഞു വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

ഒട്ടേറെ വാഹനങ്ങള്‍ക്കു കേടു സംഭവിച്ചു. വൈകിട്ടു ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയവര്‍ക്കാണ് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടായത്. വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലിക്ക് കയറാനെത്തിയവര്‍ക്ക് ഐടി കമ്പനികളിലേക്ക് എത്തിപ്പെടാനായില്ല. വൈകിട്ട് 3 മുതല്‍ തുടങ്ങിയ മഴ 5 മണിയോടെ കനത്തു തുടങ്ങി. ഇതോടെ ഇന്‍ഫോപാര്‍ക്കിന് മുന്നിലൂടെയുള്ള റോഡില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം ഉയര്‍ന്നു. ഓടകള്‍ കൃത്യസമയത്ത് ക്ലീന്‍ ചെയ്യാതിരുന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമായത്.

ഇതോടെ ഇന്‍ഫോപാര്‍ക്ക് ക്യാംപസിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍, വിസ്മയ, തപസ്യ, ലുലു സൈബര്‍ ടവര്‍ തുടങ്ങിയ സമുച്ചയങ്ങള്‍ക്കു മുന്‍പില്‍ വന്‍ വെള്ളക്കെട്ടാണു രൂപപ്പെട്ടത്. ക്യാംപസില്‍ ഇതുവരെ വെള്ളക്കെട്ട് ഇല്ലാതിരുന്ന ഭാഗങ്ങളില്‍ വരെ ഇന്നലെ വെള്ളം നിറഞ്ഞത് ഭീതി ഉയര്‍ത്തി.

Kochi infopark avasthaa : r/Kochi

ചോര്‍ച്ച മൂലം ഏതാനും ഐടി കമ്പനികളുടെ അകത്തും വെള്ളം കയറി. ഇന്‍ഫോപാര്‍ക്കില്‍ നിന്നു വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അധികൃതര്‍ ന്യായീകരിക്കുന്നത്.

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ടിനു കാരണം തുടര്‍ച്ചയായി പെയ്ത മഴയാണെന്നാണ് മേയര്‍ ന്യായീകരിക്കുന്നത്.

തുടര്‍ച്ചയായി 3 മണിക്കൂറോളം മഴ പെയ്ത സാഹചര്യത്തിലാണു നഗരഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായതെന്നും വേലിയേറ്റത്തെ തുടര്‍ന്നു മഴവെള്ളം കായലിലേക്ക് ഒഴുകിപ്പോകാന്‍ തടസ്സം നേരിട്ടുവെന്നും മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.

എംജി റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി സക്ഷന്‍ കം ജെറ്റിങ് മെഷീന്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിടത്തെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കാനകള്‍ പൊളിച്ചുനീക്കി പുനര്‍ നിര്‍മിക്കണമെന്നും മേയര്‍ പറഞ്ഞു.

Heavy downpour throws life out of gear in Kochi - The Hindu

മഴക്കാല പൂര്‍വ ശുചീകരണം വളരെയധികം മുന്നോട്ടു പോയിരുന്നു. പതിവായി വെള്ളം കയറുന്ന താഴ്ന്ന ഭാഗങ്ങളിലാണ് ഇത്തവണയും വെള്ളക്കെട്ടുണ്ടായത്. തുടര്‍ച്ചയായി ശക്തമായി മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സങ്ങളുണ്ട്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരം മുല്ലശേരി കനാല്‍ നവീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ചിറ്റൂര്‍ റോഡ് ഭാഗത്തുനിന്നു വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സങ്ങളുണ്ടായി.

കലൂര്‍ ഭാഗത്തു പെട്ടിയും പറയും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ചിലയിടത്തു പമ്പുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമുള്ള പരാതികളുണ്ടായിരുന്നു. അതു പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഴയ്ക്കു ശേഷവും വേലിയേറ്റം തുടര്‍ന്നതിനാലാണു വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമുണ്ടായതെന്നും മേയര്‍ ന്യായീകരിച്ചു.

Read more

പനമ്പിള്ളി നഗറില്‍ ഇടറോഡുകള്‍ പൂര്‍ണമായി മുങ്ങി. പശ്ചിമകൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. മട്ടാഞ്ചേരി ഭാഗത്തു ഗോഡൗണുകളില്‍ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. തൃപ്പൂണിത്തുറ വടക്കേക്കോട്ട റോഡ് മുങ്ങി. ഗാന്ധി സ്‌ക്വയര്‍ പേട്ട റോഡ് മുങ്ങി. പറവൂര്‍ ആലുവ റൂട്ടില്‍ ചേന്ദമംഗലം കവല മുതല്‍ ആനച്ചാല്‍ വരെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി. ചേരാനല്ലൂരില്‍ മഞ്ഞുമ്മല്‍ കവല മുതല്‍ സിഗ്‌നല്‍ ജംക്ഷന്‍ വരെ ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തു വെള്ളക്കെട്ടുണ്ടായി.