രതീഷ് പൊതുവാളിനെതിരെ പരാതിയുമായി പുതിയ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ; ഒടിടി റിലീസ് തടയണമെന്ന് ആവശ്യം

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനും നിർമ്മാതാക്കൾക്കുമെതിരെ പരാതിയുമായി ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ആയിരുന്ന ലിജി പ്രേമന് 45 ദിവസത്തെ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിൽ രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേക്ക് നീണ്ടുപോവുകയും നിര്‍മ്മാതാക്കളുമായുള്ള കരാര്‍ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നും, കൂടാതെ ചിത്രത്തിന്റെ ക്രെഡിറ്റിൽ പേര് പോലും നൽകിയില്ലെന്നും കൊച്ചി സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ ലിജി പ്രേമൻ പറയുന്നു.

തന്റെ പേര് ഉൾപ്പെടുത്താതിനെ തുടർന്ന് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും, പ്രതിഫലത്തിന്റെ ബാക്കിത്തുകയായ 75000 രൂപ തിരികെ നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും ലിജി പ്രേമൻ നൽകിയ ഹർജിയിൽ പറയുന്നു. കൂടാതെ സംവിധായകന്റെയും നിര്‍മ്മാതാക്കളുടെയും നടപടി മൂലം തനിക്ക് മാനസിക വിഷമമുണ്ടായെന്നും ആയതിനാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ പറയുന്നു.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്. മെയ് 16-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിൻ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ വിൻസെൻറ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.