വാഹന രജിസ്‌ട്രേഷനില്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷനിലെ സ്ഥിരമായ മേല്‍വിലാസം എന്ന നിയമത്തിനാണ് വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഏതൊരു ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം.
നേരത്തെ അതത് ആര്‍ടി ഓഫീസുകളുടെ പരിധിയില്‍ മാത്രമാണ് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തിരുവനന്തപുരത്തുള്ള ഒരു വാഹന ഉടമയ്ക്ക് എറണാകുളത്തും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം ഇല്ലെങ്കിലും താമസിക്കുന്ന പ്രദേശത്ത് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെയും സാധിക്കുമായിരുന്നു.
എന്നാല്‍ ഇതിന് മോട്ടോര്‍ വാഹന വകുപ്പ് നിരവധി ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കുന്ന ആര്‍ടി ഓഫീസ് പരിധികളില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നതാണ് സവിശേഷത. എന്നാല്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളും ഈ പരിഷ്‌കാരത്തിനുണ്ടെന്നാണ് വിലയിരുത്തല്‍.
ടാക്‌സ് മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുതിയ പരിഷ്‌കാരം പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലും ഇതോടൊപ്പമുണ്ട്. ഇതുകൂടാതെ കെഎല്‍ 01, കെഎല്‍ 07 എന്നീ രജിസ്‌ട്രേഷനുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.