ആ അബദ്ധം കാണിച്ചോട്ടെ, യു.പി മുഖ്യമന്ത്രീ, കേരളത്തെ പോലെയാകാന്‍ പാവപ്പെട്ട ജനങ്ങള്‍ കൊതിക്കുന്നുണ്ടാകും: യോഗിക്ക് മറുപടിയുമായി കെ. കെ ശൈലജ

കേരളത്തെ പരിഹസിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ . കേരളത്തിന്റെ വികസനക്കണക്കുകള്‍ പങ്കുവെച്ചാണ് യോഗിക്ക് മറുപടി നല്‍കിയിരിക്കുന്നത്.

കെകെ ശൈലജ ടീച്ചറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ആ അബദ്ധം കാണിച്ചോട്ടെ യു.പി മുഖ്യമന്ത്രീ. അബദ്ധം കാണിച്ചാല്‍ യു.പി കേരളമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറയുന്നു.
മനുഷ്യവികസന സൂചികയിലും ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലും
ഇന്ത്യയില്‍ ഒന്നാമതായി നില്ക്കുന്ന കേരളത്തെ പോലെയാകാന്‍ പാവപ്പെട്ട ജനങ്ങള്‍ കൊതിക്കുന്നുണ്ടാകും.
മൂന്ന് വര്‍ഷം മുന്‍പ് യോഗി കേരളത്തിലൂടെ കടന്നു പോകുമ്പോള്‍ ആരോഗ്യരംഗത്ത് കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു.
അന്ന്’ഇന്ത്യാ ടു ഡെ’പോലുള്ള മാധ്യമങ്ങള്‍ നമ്മുടെ ജില്ലാതല ആശുപത്രിയും ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജും താരതമ്യം ചെയ്ത് യു.പിയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍ നിരത്തി കണക്കിന് മറുപടി പറഞ്ഞിരുന്നു.
അതിന് ശേഷമാണ് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കോവിഡ് ബാധിതരുടെ മുതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നതുമെല്ലാം യു.പിയില്‍ നിന്നുള്ള വാര്‍ത്തകളായി വന്നത്.ഏതായാലും യു.പിയിലെ ജനങ്ങളെ രക്ഷിക്കാന്‍ കേരളത്തിലേതുപോലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആസൂത്രണവും കരുതലും വേണമെന്നത് ചര്‍ച്ച
യായത് നന്നായി.

തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്യം ഉറപ്പാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന വോട്ടെന്നും യോഗി പറഞ്ഞു.