എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ: കെ. കെ ശൈലജ

കോവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്‍പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്‌ക്കെന്നും ശൈലജ വ്യക്തമാക്കി.

അടിയന്തിര സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. എന്ത് ശിക്ഷയും ഇതിന്റെ പേരില്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ്.നായരാണു പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.

കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്‍.ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണു പരാതി. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു കേസ് ഫയലില്‍ സ്വീകരിച്ചത്.