ആർഎസ്എസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സർവകലാശാല വൈസ് ചാൻസലർമാർക്കും ക്ഷണം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ‘ശിക്ഷ സംസ്‌കൃതി ഉത്തൻ ന്യാസ്’ എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ് ക്ഷണം. ഈ മാസം 25 മുതൽ 28 വരെ കാലടിയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ രേഖ തയ്യാറാക്കലാണ് പരിപാടിയുടെ അജണ്ട. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 300 ഓളം വിദ്യാഭ്യാസ വിചക്ഷണരും മുതിർന്ന ഉദ്യോഗസ്ഥരും ആത്മീയ സംഘടനകളും പരിപാടിയുടെ ഭാഗമാകും.
27നു വൈകിട്ട് നടക്കുന്ന ‘വിദ്യാഭ്യാസത്തിലെ ഭാരതീയ പരിപ്രേക്ഷ്യം’ എന്ന വിഷയത്തിലാണ് വിസിമാരുടെ ചർച്ചയുണ്ടാകുക. കേരളത്തിലെ വിസിമാരെ കൂടാതെ വിസിമാരെ കൂടാതെ കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, എഐസിടിഇ ചെയർപേഴ്‌സൺ ടിജി സീതാറാം, യുജിസി വൈസ് ചെയർപേഴ്‌സൺ, നാക് ഡയറക്ടർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Read more
അടുത്ത പത്ത് വർഷത്തിനപ്പുറത്തേക്ക് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം എങ്ങനെയാകണമെന്നാണ് ചർച്ച ചെയ്യുകയെന്ന് സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. എൻ സി ഇന്ദുചൂഡൻ പറഞ്ഞു.’രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ അവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരെയും വൈസ്ചാൻസലർമാരെയും ഞങ്ങൾ വിളിച്ചിട്ടില്ല. അർത്ഥവത്തായ സംഭാവനകൾ നൽകാൻ സാധിക്കുന്നവരെയാണ് ക്ഷണിച്ചത്’, ന്യാസിന്റെ ദേശീയ സെക്രട്ടറി അതുൽ കോതാരി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.