ചിന്താ ജെറോമിന്റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല; വിദഗ്ധ സമിതിയെ നിയമിക്കും, പി.എച്ച്.ഡി പിന്‍വലിക്കാനാവില്ല

യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.

പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥയില്ല.

ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂനിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നല്‍കിയ നിവേദനത്തിലാണ് ആവശ്യമുയര്‍ത്തിയത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നു തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ചശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ.