പി.എസ്.സി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന്  പി.എസ്.സി റിപ്പോര്‍ട്ട്; ശിവരഞ്ജിത്തിനെയും നസീമിനെയും അയോഗ്യരാക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ എസ്.എഫ്.ഐ. മുന്‍ നേതാക്കള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി പി.എസ്.സി.യുടെ പരിശോധനാ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്, ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരന്‍ പ്രണവ്, 28-ാം റാങ്കുകാരന്‍ നസീം എന്നിവരെ റാങ്ക്പട്ടികയില്‍ നിന്നു നീക്കം ചെയ്യാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു.

ഇവരെ പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് സ്ഥിരമായി അയോഗ്യരാക്കും. അക്കാര്യം യു.പി.എസ്.സി. ഉള്‍പ്പെടെയുള്ള മറ്റു നിയമന ഏജന്‍സികളെ അറിയിക്കും. ക്രമക്കേടിന്റെ വിശദമായ വിവരങ്ങള്‍ കണ്ടെത്താന്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടും.

പൊലീസ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തില്‍ ഈ റാങ്ക്പട്ടികയില്‍ നിന്നുള്ള നിയമന ശിപാര്‍ശകള്‍ തത്കാലത്തേക്കു നിര്‍ത്തി വെയ്ക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. കാസര്‍ഗോഡ് റാങ്ക് പട്ടികയില്‍ നിന്ന് മൂന്നുപേരെ ഒഴിവാക്കി പട്ടികയും നിയമനക്രമവും പരിഷ്‌കരിക്കണം. കൂടുതല്‍ പേര്‍ ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ.

അതിനു ശേഷം നിയമന ശിപാര്‍ശകള്‍ ആരംഭിച്ചാല്‍ മതിയെന്നാണു കമ്മീഷന്‍ യോഗം ധാരണയിലെത്തിയത്. ക്രമക്കേടിന്റെ വ്യാപ്തി കൂടുതലാണെന്നു തെളിഞ്ഞാല്‍ പരീക്ഷ റദ്ദാക്കേണ്ടി വരും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവര്‍ പരീക്ഷാസമയത്ത് ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണു സംശയിക്കുന്നത്. പോലീസ് സൈബര്‍ സെല്ലില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പി.എസ്.സി.യുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പരീക്ഷാസമയത്ത് അസാധാരണമാം വിധം എസ്.എം.എസുകള്‍

യൂണിവേഴ്സിറ്റി കോളജ് അക്രമക്കേസില്‍ ഒന്നാം പ്രതിയായ ശിവരജ്ഞിത്തിന്റെയും 17-ാം പ്രതിയായ പ്രണവിന്റെയും മൊബൈല്‍ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് അസാധാരണമായ വിധം എസ്.എം.എസുകള്‍ വന്നതായി സൈബര്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഒരേ നമ്പറില്‍ നിന്ന് ഇരുവരുടെയും ഫോണുകളിലേക്ക് 90 വീതം സന്ദേശങ്ങളാണ് ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ എത്തിയത്. ഈ സന്ദേശങ്ങളെന്താണെന്നു പൊലീസ് വേര്‍തിരിച്ചെടുത്തിട്ടില്ല.

ഈ സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ നമ്പറും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെയായിരിക്കും പി.എസ്.സി.യുടെ തുടരന്വേഷണം.