ശബരിമലയില്‍ കരുതലിന്റെ രക്ഷാവളയം ഒരുക്കി കേരള പൊലീസ്; പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സുരക്ഷാ ടാഗ്

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടാഗ് സംവിധാനമൊരുക്കി കേരള പൊലീസ്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിയാല്‍ സുരക്ഷിതമായി ബന്ധുക്കളുടെ പക്കല്‍ എത്തിക്കാനാണ് ടാഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കേരള പൊലീസാണ് കുട്ടികള്‍ക്ക് ടാഗ് ഒരുക്കിയിരിക്കുന്നത്.

ഒരു വാച്ചിന് സമാനമായി തയ്യാറാക്കിയിരിക്കുന്ന ടാഗില്‍ കുട്ടിയുടെ ഒപ്പമുള്ളവരുടെ പേര്, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. തിരക്കില്‍ കുഞ്ഞുങ്ങള്‍ കൈവിട്ട് പോയാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാനും കുഞ്ഞിന്റെ ബന്ധുക്കളുമായി പൊലീസിന് ബന്ധപ്പെടാനും ടാഗ് ഏറെ സഹായകരമാണ്.

പമ്പയിലെ ഗാര്‍ഡ് സ്റ്റേഷന് സമീപമാണ് കുട്ടികളുടെ കൈയില്‍ ടാഗ് ധരിപ്പിക്കുന്നത്. മുന്‍പ് കൂട്ടം തെറ്റുന്ന കുട്ടികളെ കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇത് ഏറെ ശ്രമകരമായ നടപടിയായിരുന്നു. ദര്‍ശനത്തിനെത്തുന്ന പത്ത് വയസില്‍ താഴെയുള്ള കുട്ടികളുടെ സുരക്ഷ മുന്‍നിറുത്തി ടാഗ് ധരിപ്പിക്കണമെന്നാണ് പൊലീസ് അറിയിക്കുന്നത്.