പി.എസ്.സിയിലെ സമീപകാല നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ഹെെക്കോടതി

പി.എസ്.സി പരീക്ഷകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തിരികെ കൊണ്ടുവരാന്‍ സമീപകാല നിയമനങ്ങളെ കുറിച്ചെങ്കിലും വിപുലവും കാര്യക്ഷമവുമായ അന്വേഷണം ആവശ്യമാണെന്ന് ഹൈക്കോടതി. പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷാ ക്രമക്കേട് കേസില്‍ നാലാം പ്രതി ഡി. സഫീറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ 10 ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ കീഴടങ്ങണമെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ നിര്‍ദേശിച്ചു.

പി.എസ്.സിയുടെ ചോദ്യങ്ങള്‍ പരീക്ഷാഹാളിനു പുറത്തുള്ള പ്രതികള്‍ക്ക് എങ്ങനെ കിട്ടിയെന്നും ഗൂഢാലോചനയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നും അറിയണമെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ കുറ്റകൃത്യം നടപ്പാക്കിയ രീതി നോക്കിയാല്‍ സമീപകാല നിയമനങ്ങളെ കുറിച്ചെങ്കിലും അന്വേഷണം വേണം. അനര്‍ഹര്‍ക്ക് പി.എസ്.സി വഴി നിയമനം കിട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിഷ്പക്ഷ അന്വേഷണം ആവശ്യമാണെന്നു വാദത്തിനിടെ കോടതി പരാമര്‍ശിച്ചു.

യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ആര്‍. ശിവരഞ്ജിത്ത്, എ. എന്‍. നസീം ഉള്‍പ്പെടെ 3 പേര്‍ക്കു ഹര്‍ജിക്കാരനും കൂട്ടുപ്രതിയും മൊബൈല്‍ ഫോണ്‍ മുഖേന ഉത്തരങ്ങള്‍ അയച്ചു നല്‍കിയെന്നാണു കേസ്. ഫലം വന്നപ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ആദ്യ രണ്ടു റാങ്കുകളും മൂന്നാം പ്രതിക്ക് 28ാം റാങ്കും കിട്ടിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കിട്ടിയതിനെ തുടര്‍ന്നാണു പ്രാഥമികാന്വേഷണം നടത്തി കേസെടുത്തത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു. ഹര്‍ജിക്കാരന്‍ ഒന്നാം പ്രതിക്ക് ഉത്തരങ്ങള്‍ ലഭ്യമാക്കിയെന്നാണു മനസ്സിലാകുന്നതെന്നും കോടതി പറഞ്ഞു.

ഒന്നാം പ്രതിക്ക് 94 സന്ദേശങ്ങള്‍ അയച്ചെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. നാലാം പ്രതിക്കും അഞ്ചാം പ്രതിക്കും ഉത്തരങ്ങള്‍ കിട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു പ്രോസിക്യൂട്ടര്‍ വാദിച്ചു.

പി.എസ്.സി ചോദ്യക്കടലാസ് പരീക്ഷാസമയം കഴിഞ്ഞല്ലാതെ പരീക്ഷാഹാളിനു പുറത്തു കിട്ടില്ല. ഈ കേസില്‍ 2018 ജൂലൈ 22-ന് ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെ നടന്ന പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണു പരീക്ഷയെഴുതിയ 3 പ്രതികള്‍ക്കു മറ്റു 2 പ്രതികള്‍ ഫോണില്‍ ലഭ്യമാക്കിയത്. ചോദ്യക്കടലാസുമായി നേരിട്ടു ബന്ധമുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ചോദ്യങ്ങള്‍ പ്രതികള്‍ക്കു കിട്ടില്ല. അതെ കുറിച്ചറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു കോടതി പറഞ്ഞു.