കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിയ്ക്കകം ശമ്പളം നൽകണം; ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടി ശമ്പള പ്രതിസന്ധിയിൽ പുതിയ ഉത്തരവുമായി ഹൈക്കോടതി. ജീവനക്കാർക്ക് എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്നാണ് കോടതി ഉത്തരവ്. ആവശ്യമായ സഹായം സർക്കാർ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെഎസ്ആർടിസി. സർക്കാരിൻ്റെ നിയന്ത്രണത്തിൽ തന്നെയാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതും. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവനക്കാർ നൽകിയ ഹർജികളും കോടതി തീർപ്പാക്കി. എന്നാൽ കെഎസ്ആർടിസിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.