കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

കേരളത്തില്‍ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തിലെ ജനത ഇടത്-വലത് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുവരുന്ന സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിന് പുതിയ ഒരു ഭാവി ഉണ്ടാകേണ്ടതുണ്ട്, കേരളത്തിന് പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശ്ശൂരിലെ ജനങ്ങള്‍, തിരുവനന്തപുരത്തെ ജനങ്ങള്‍ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങള്‍ ബിജെപിയിലും എന്‍ഡിയിലും അര്‍പ്പിച്ച വിശ്വാസം പോലെ മുഴുവന്‍ കേരളവും എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പോകുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എന്‍ഡിഎയ്ക്ക് അഞ്ചു വര്‍ഷം നിങ്ങളെ സേവിക്കാനുള്ള അവസരം നല്‍കണമെന്നും എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹര്‍ത്താല്‍ മാഫിയയെയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു. ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എല്‍ഡിഎഫും രണ്ടല്ല ഒന്നാണെന്നും വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളുവെന്നും മോദി പറഞ്ഞു. കേരളത്തിന്റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്.

കേരളത്തിന് മനോഹരമായ ഭൂപ്രദേശവും കാലാവസ്ഥയുമുണ്ട്. മഹത്തായ സംസ്‌കാരമുണ്ട്. കഴിവുള്ള ജനതയാണ്. അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. കേരളം മാറി മാറി ഭരിച്ച രണ്ടു മുന്നണികളുമാണ് ഇതിന് കാരണം.കേരളത്തിന്റെ അതിവേഗ വികസനത്തിന് ഈ രണ്ടു മുന്നണികളും മാറി മാറി അധികാരത്തില്‍ വരുന്ന സ്ഥിതി അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കണം. അടുത്ത 5 വര്‍ഷം എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാന്‍ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും.

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ലെന്നും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടും. ഹര്‍ത്താല്‍ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചു നീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യ തൊഴിലാളികള്‍ക്കും കിസാന്‍ ക്രഡിറ്റ് നല്‍കിയ സര്‍ക്കാരാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. വിവാഹ പാര്‍ട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങള്‍ക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രധാനമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ നിര്‍മ്മാണത്തില്‍ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവിന് അറിയില്ല. ഡ്രോണ്‍ നിര്‍മ്മിക്കുന് നിരവധി കമ്പനികള്‍ ഭാരതത്തിലുണ്ടെന്ന് ഈ കോണ്‍ഗ്രസ് നേതാവിന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലര്‍ക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ സാധിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ബിജെപിയും എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലര്‍ത്തുമെന്നും മോദി പറഞ്ഞു. കേരളത്തില്‍ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എന്‍ഡിഎ സഖ്യം ഉണ്ടൈാക്കും. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എല്ലാം എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റും.