സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നുക്ഷാമം രൂക്ഷം; രോഗികളുടെ ചികില്‍സ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കിട്ടാനില്ല.  മെഡിക്കൽ കോർപറേഷന്‍റെ പക്കലും മരുന്ന് സ്റ്റോക്കില്ല. മരുന്ന് ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന്‍ മരുന്നിനാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികില്‍സ പ്രതിസന്ധിയിലായി. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 20 രോഗികള്‍ ചികിത്സയിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. 220 വയൽ മരുന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. രോഗികൾ കൂടിയ സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ലൈപോ സോമൽ ആംപോടെറിസിൻ മരുന്ന് കടുത്ത ക്ഷാമം നേരിടുന്നു. അനുമതിയുള്ള കമ്പനികൾ ഉത്പാദനം വേഗത്തിലാക്കിയാൽ മാത്രമേ മരുന്ന് ക്ഷാമം പരിഹരിക്കാനാവൂ. ഇന്ന് ഉച്ചയോടെ മരുന്നെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.