ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം; എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍സിസിയായി ഉയര്‍ത്തും

കേരളത്തിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്.കേരളത്തിലെ സാധാരണ ജനങ്ങളെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍ രോഗത്തെ ഫലപ്രദമായി നേരിടാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കുന്നുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍സിസിയായി ഉയര്‍ത്തണമെന്ന് മലബാറുകാരുടെ ആവശ്യം ഈ ബജറ്റ് അംഗീകരിച്ചിരിക്കുകയാണ്. മാത്രമല്ല, കൊച്ചിയില്‍ ആര്‍സിസി മാതൃകയില്‍ പുതിയൊരു ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ജില്ലാ- താലൂക്ക് ആശുപത്രികളില്‍ ട്രോമാകെയര്‍ വിഭാഗം ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.അതുകൂടാതെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ്, ഓപ്പറേഷന്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടി കാര്‍ഡിയോളജി വിഭാഗങ്ങളും ആരംഭിക്കുന്നുണ്ട്. നിലവില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡയാലിസസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യ ചികിത്സയ്ക്കായി 17 കോടി രൂപ ബജറ്റ് വകിയിരുത്തിയിട്ടുണ്ട്.

ക്യാന്‍സര്‍ രോഗത്തെ ഫലപ്രദമായി നേരിടുന്നതിനായി പൊതുആരോഗ്യമേഖലയെ പ്രാപ്തമാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ സംസ്ഥാനത്തെ 80 ശതമാനത്തോളം ക്യാന്‍സര്‍ രോഗികള്‍ക്കും ചികിത്സ നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.