വാണിയമ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചു

മലപ്പുറം വാണിയമ്പുഴയില്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇരുനൂറിലധികം ആളുകളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ചാലിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഇവര്‍ കാട്ടില്‍ ഒറ്റപ്പെട്ടത്. ഹെലികോപ്റ്ററില്‍ ഇവിടെയുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ചു. ഇതിനിടെ ആദിവാസി കോളനിയിലെ ആറുപേര്‍ മലവെള്ളപ്പാച്ചിലിനെ വകവെക്കാതെ നീന്തി മുണ്ടേരിയിലെത്തി. തങ്ങളുടെ വീട് തകര്‍ന്നുവെന്നും കഴിക്കാന്‍ ഭക്ഷണംപോലുമില്ലെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നാലുദിവസമായി വാണിയമ്പുഴ എസ്റ്റേറ്റിലും നാല് ആദിവാസി ഊരുകളിലുമായി 200ല്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടുദിവസമായി ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല.

കുമ്പളപ്പാറ ആദിവാസി കോളനിയിലെ 14 വീടുകളാണ് മഴയില്‍ തകര്‍ന്നത്. ഇവിടടെയാണ് ഇന്ന് സൈന്യത്തിന്റെ സഹായത്തോടെ രക്ഷാ ദൗത്യം തുടങ്ങിയത്. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ സജികുമാര്‍, നോര്‍ത്ത് ഡിഎഫ്ഒ യോഗേഷ് എന്നിവരുടെ കൂടെയാണ് 25 അംഗ സൈനിക സംഘം വാണിയമ്പുഴയില്‍ എത്തിയത്.

ഒപ്പം ഹെലികോപ്റ്ററിലും രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഭക്ഷണമുള്‍പ്പെടെയുള്ളവ ഹെലികോപ്റ്ററില്‍ എത്തിച്ചു. ഇന്നലെമുതല്‍ തുടങ്ങിയ കഠിന പരിശ്രമത്തിനൊടുവിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സാധിച്ചത്.