പാലാ രൂപതയുടേത് തുടക്കം ആയിരുന്നു; ഗർഭച്ഛിത്രത്തിൻ്റെ വാർഷികം കരിദിനം ആചരിക്കാൻ കെ.സി.ബി.സി

സിറോ മലങ്കര കത്തോലിക്ക സഭയുടെ പാല, പത്തനംതിട്ട അതിരൂപതകൾ കൂടുതൽ കുട്ടികൾക്ക് ധനസഹായം ഏർപ്പെടുത്തിയതിന് പിന്നാലെ ​ഗർഭച്ഛിത്രത്തിനെതിരെ കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി)യും രം​ഗത്ത്.

​ഗർഭച്ഛിത്രം ചെയ്യുന്നതും ഒരുകുട്ടി മാത്രം മതിയെന്നുമുള്ള തീരുമാനം സഭകളിലെ ജനസംഖ്യ കുറച്ചെന്ന് കാട്ടിയാണ് സിറോ മലങ്കര കത്തോലിക്ക സഭ ധനസഹായവുമായി മുന്നിട്ടിറങ്ങിയത്.

ഇതിന് പിന്നാലെയാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എം.ടി.പി) ഇന്ത്യയിൽ നടപ്പിലാക്കിയതിന്റെ 50-ാം വാർഷികമായ ഓ​ഗസ്റ്റ് 10ന് കെസിബിസി കരിദിനം ആചരിക്കുന്നത്.

‘ജീവന്റെ സംരക്ഷണ ദിനമായി’ ആചരിക്കാനാണ് തീരുമാനം. കേരളസഭയിലെ 32 രൂപതകളിലെയും കുടുംബ പ്രേഷിതത്വ വിഭാഗമാണ് പ്രോ-ലൈഫ് സമിതികളുടെ സഹകരണത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നത്.

‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ മുഖ്യസന്ദേശം. ഓഗസ്റ്റ് മൂന്നു മുതൽ 15 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാദിനങ്ങളായിരിക്കും.

1971 ലാണ് നിയമം നിലവിൽ വന്നത്. ഭ്രൂണഹത്യയ്ക്കു എതിരെ ജീവന്റെ സംസ്‌കാരം സജീവമാക്കുവാനുള്ള പ്രചാരണങ്ങൾ, കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.