ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ഓടിച്ച് കെബി ഗണേഷ്‌കുമാര്‍; പഴമയുടെ പ്രൗഢിയുമായി കെഎസ്ആര്‍ടിസിയുടെ പുതിയമുഖം

രാജ്യത്തെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ഗതാഗത വകുപ്പ് മന്ത്രി ഓടിച്ച ബസില്‍ യാത്രക്കാരയത് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും യാത്രയില്‍ മന്ത്രിയെ അനുഗമിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ ബജറ്റ് ടൂറിസത്തിനായി വാങ്ങിയതാണ് ഇലക്ട്രിക് ബസ്. തിരുവന്തപുരത്തിന്റെ നഗര കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനാണ് ഡബിള്‍ ഡക്കര്‍ ബസുകള്‍ കെഎസ്ആര്‍ടിസി വാങ്ങിയത്. ബജറ്റ് ടൂറിസം പദ്ധതിക്കായി കെഎസ്ആര്‍ടിസി രണ്ട് ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസുകളാണ് വാങ്ങിയത്.

ഇവയില്‍ ഒരു ബസാണ് തലസ്ഥാനത്ത് എത്തിയത്. ആഢംബര ബസുകള്‍ക്ക് സമാനമായാണ് ഡബിള്‍ ഡക്കര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. താഴത്തെ നിലയില്‍ 30 സീറ്റുകളും മുകളില്‍ 35 സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ശംഖുമുഖം, ബീമാപള്ളി, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെയാണ് ബസിന്റെ റൂട്ട്.