കാക്കി ട്രൗസറിട്ട് കൈയില്‍ ലാത്തിയും പിടിച്ചു നടക്കുന്നവരാണ് 21-ാം നൂറ്റാണ്ടിലെ കൗരവര്‍; ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ആര്‍എസ്എസിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാക്കി ട്രൗസര്‍ ധരിച്ച് കൈയില്‍ ലാത്തിയും പിടിച്ചു നടക്കുന്നവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അംബാലയില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരായിരുന്നു കൗരവര്‍? 21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാന്‍ ആദ്യം നിങ്ങളോട് പറയും, അവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു, അവര്‍ കൈയില്‍ ലാത്തി പിടിക്കുകയും ശാഖയില്‍ പോകുകയും ചെയ്യുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു.

പാണ്ഡവര്‍ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവര്‍ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല, എന്തുകൊണ്ട്? അവര്‍ തപസ്വികളായിരുന്നതിനാലാണ്. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാര്‍ഷിക നിയമങ്ങള്‍ എന്നിവ ഈ നാട്ടിലെ തപസ്വികളില്‍ നിന്ന് മോഷ്ടിക്കാനുള്ള മാര്‍ഗമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനങ്ങളില്‍ ഒപ്പുവച്ചു. എന്നാല്‍ നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാരുടെ ശക്തി ഇതിന് പിന്നിലുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ഇത് മനസ്സിലാകുന്നില്ല. പക്ഷേ അന്നത്തെ പോരാട്ടം ഇന്നും അങ്ങനെ തന്നെ. ആര് തമ്മിലുള്ള പോരാട്ടം? ആരാണ് പാണ്ഡവര്‍? അര്‍ജ്ജുനാ, ഭീമന്‍ തുടങ്ങിയവര്‍… അവര്‍ തപസ്സ് ചെയ്യാറുണ്ടായിരുന്നു.

Read more

പാണ്ഡവരുടെ കാലഘട്ടത്തിലെ പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് ഇപ്പോഴും നടക്കുന്നത്. ഒരു ഭാഗത്ത് അഞ്ച് പാണ്ഡവന്‍മാരാണുള്ളത്. മറുഭാഗത്ത് ഒരു സംഘം തന്നെയുണ്ട്. എന്നാല്‍ ജനങ്ങളും മതങ്ങളും പാണ്ഡവര്‍ക്കൊപ്പമായിരുന്നു. അതുപോലെയാണ് ഭാരത് ജോഡോ യാത്രയും. ഈ യാത്രയില്‍ ആരും എവിടെ നിന്നാണ് നിങ്ങള്‍ വരുന്നതെന്ന് ചോദിക്കില്ല. ഇത് സ്‌നേഹത്തിന്റെ കടയാണ്. പാണ്ഡവന്‍മാര്‍ എപ്പോഴും അനീതിക്കെതിരായിരുന്നു. അവരും വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നവരായിരുന്നു- രാഹുല്‍ പറഞ്ഞു.