കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്: കേസെടുത്തിട്ട് 22 ദിവസം, പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

കരുവന്നൂർ വായ്പാതട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.  കേസെടുത്തിട്ട് 22 ദിവസം പിന്നിട്ടിട്ടും ആറ് പ്രതികളിൽ ഒരാളെ പോലും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസ്. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിട്ടും 15 ദിവസം പിന്നിടുന്നു.

ആദ്യം കേട്ടത്, അയ്യന്തോളിലെ ഫ്ലാറ്റിൽനിന്ന് നാല്‌ പ്രതികളെ പിടികൂടിയെന്നാണ്. വിവരം പൊലീസിൽ നിന്നു തന്നെയാണ് അനൗദ്യോഗികമായി അറിഞ്ഞത്. അത് പത്തു ദിവസം മുമ്പ്. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ ഹാജരാക്കിയില്ല. പ്രതികൾ കസ്റ്റഡിയിൽ ഇല്ല അന്വേഷണം നടത്തുന്നു എന്നായിരുന്നു പൊലീസിൽ നിന്നും പിന്നീട് ഉണ്ടായ വിശദീകരണം.

കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

കരുവന്നൂർ ബാങ്കിൽ സഹകരണ നിയമപ്രകാരം 65 അന്വേഷണം നടന്നുവെന്നും 68 പ്രകാരം നടപടികൾ തുടങ്ങിയെന്നും മന്ത്രി വി എൻ വാസവൻ നിയമസഭയിൽ പറഞ്ഞു.  കരുവന്നൂർ ക്രമക്കേടിന് ശേഷം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതായും പണം  വ്യാപകമായി പിൻവലിക്കപ്പെടുന്നതായും കെ ബാബു എം എൽ എ ചൂണ്ടിക്കാട്ടി.