അടൂരില്‍ അടച്ചുപൂട്ടിയ കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയ നൂറിലധികം മൊത്ത വ്യാപാരികളെ വഞ്ചിച്ചതായി ആരോപണം. കേരള ഗാര്‍മെന്റ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയയുടെ ഉടമ കരിക്കിനേത്ത് ജോസിനെതിരെയാണ് കെജിഡിഎ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.
നൂറിലധികം മൊത്ത വ്യാപാരികളെ വഞ്ചിച്ചുകൊണ്ട് കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയ ഉടമ കരിക്കിനേത്ത് ജോസ് സ്ഥാപനം അടച്ചുപൂട്ടിയെന്നാണ് അസോസിയേഷന്റെ ആരോപണം. കരിക്കിനേത്ത് ജോസ് തൊഴിലാളികളെയോ വിതരണക്കാരെയോ അറിയിക്കാതെ, രഹസ്യമായി സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടില്‍ വിറ്റഴിച്ചതായും അസോസിയേഷന്‍ ആരോപിക്കുന്നു.
സ്ഥലം വിറ്റും, വിവിധതരം വായ്പകള്‍ എടുത്തും ഈ മേഖലയില്‍ അതിജീവനത്തിനായി പോരാടുന്ന നൂറുകണക്കിന് സാധാരണക്കാരായ ചെറുകിട വ്യാപാരികളുടെ കോടിക്കണക്കിന് രൂപയാണ് ഈ ഒറ്റ സംഭവത്തിലൂടെ നഷ്ടമായതെന്നും കെജിഡിഎ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.
തങ്ങളുടെ അംഗങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നേടാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും ന്യായമായ സമരമാര്‍ഗങ്ങളിലൂടെയും നിയമമാര്‍ഗ്ഗങ്ങളിലൂടെയും കെജിഡിഎ ശക്തമായ പോരാട്ടം ആരംഭിക്കുകയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ഡിജിപി, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ശക്തമായ പരാതികള്‍ നല്‍കുമെന്നും അസോസിയേഷന്‍ നിലപാട് അറിയിച്ചു.
സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ട് നഷ്ടമായ നമ്മുടെ അംഗങ്ങളുടെ തുക തിരിച്ചുപിടിക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്നും കെജിഡിഎ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വസ്ത്ര വിതരണ മേഖലയിലെ വ്യാപാരികളുടെ ശക്തിയും ശബ്ദവുമാണ് കഴിഞ്ഞ 30 വര്‍ഷമായി കേരള ഗാര്‍മെന്റ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍.
Read more
എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ഡി ആനന്ദ് കുമാര്‍ പൈ, സെക്രട്ടറി ജിനോയ് വര്‍ഗീസ്, ട്രഷറര്‍ നിര്‍മല്‍ രാജ് എന്നിവരാണ്.