കരമന ദുരൂഹമരണങ്ങള്‍: കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍ അറസ്റ്റില്‍

കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍. സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് രവീന്ദ്രന്‍. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.

ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ കൊലപാതക സാധ്യത കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഫോറന്‍സിക് മേധാവി ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൂടത്തില്‍ തറവാട്ടില്‍ ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ മരണ കാരണം തലക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം കൊലപാതക സാധ്യത സംശയിച്ചു.

മുറിവുകളുടെ അസ്വാഭാവികത അടക്കമുള്ള കാര്യങ്ങളാണ് നിലവില്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കൂടത്തില്‍ തറവാട്ടില്‍ ആദ്യമായി ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. ഫോറന്‍സിക് മേധാവി ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ ക്രൈംബ്രാഞ്ച് എസി എംഎസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.