കേരളത്തിലെ പശുക്കള്‍ നാടിന് ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ല: പരിഹസിച്ച് കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയും ചെയ്യുന്ന സര്‍ക്കാര്‍ വന്‍ കിടക്കാരെ തൊടുന്നില്ല. മാഫിയ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നു. ഒരുപാട് തുക കേന്ദ്രം കേരളത്തിനു നല്‍കുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടിയാണ് നല്‍കുന്നത്.

ജനവികാരം മനസിലാക്കി നികുതി വര്‍ദ്ധനവ് പിന്‍വലിക്കണം. അല്ലാത്തപക്ഷം ഹര്‍ത്താല്‍ അടക്കം കേരള സ്തംഭിപ്പിക്കുന്ന സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിമാരേക്കാള്‍ വലിയ സംഭാവനയാണ് പശുക്കള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ദന്തഗോപുരത്തില്‍ നിന്നിറങ്ങണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.