ഉലകനായകന്‍ അസൂയപ്പെടുന്ന താരം, ചര്‍ച്ചയായി കമല്‍ ഹാസന്റെ വാക്കുകള്‍: വേദിയില്‍ കണ്ണീരണിഞ്ഞ് ജോജു

‘തഗ് ലൈഫ്’ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന്‍ നടന്‍ ജോജു ജോര്‍ജിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറസലായിരിക്കുകയാണ്. തനിക്ക് അസൂയ തോന്നിയ നടന്‍ എന്നാണ് കമല്‍ ജോജുവിനെ കുറിച്ച് പറഞ്ഞത്. ജോജുവിന്റെ ‘ഇരട്ട’എന്ന ചിത്രത്തിലെ അഭിനയത്തെ പ്രകീര്‍ത്തിച്ചു കൊണ്ടായിരുന്നു കമല്‍ സംസാരിച്ചത്.

”ജോജു എന്ന നടനെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം കാണാനിടയായത്. ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഇരട്ട സഹോദരന്മാരെയാണ് ജോജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് കഥാപാത്രങ്ങളും തമ്മില്‍ നമുക്ക് വേര്‍തിരിച്ച് അറിയാന്‍ സാധിക്കും.”

”അത് എഡിറ്റിങ് കൊണ്ടല്ല, ശക്തമായ അഭിനയം കൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി” എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. ഉലകനായകന്റെ വാക്കുകള്‍ കേട്ട് വികാരാധീനനായ ജോജു എഴുന്നേറ്റ് നിന്നാണ് നന്ദി അറിയിച്ചത്. കണ്ണീരണിഞ്ഞ ജോജു, എഴുന്നേറ്റ് നിന്ന് കൈകൂപ്പി നന്ദി പറയുകയായിരുന്നു.

അഭിനേതാക്കളായ തൃഷ, സിലമ്പരസന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രശംസ. ചെന്നൈ ശ്രീറാം എന്‍ജിനിയറിങ് കോളേജിലായിരുന്നു ഓഡിയോ ലോഞ്ച് ഇവന്റ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ജോജുവിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഉലകനായകന്‍ കമല്‍ ഹാസന്‍ വരെ പ്രശംസിക്കുന്ന ജോജുവിന്റെ കരിയര്‍ ഗ്രാഫ് ആണ് ചര്‍ച്ചകളില്‍ നിറയുന്നത്. അതേസമയം, മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തഗ് ലൈഫ് ജൂണ്‍ 5ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ജോജുവിന്റെ നാലാമത്തെ തമിഴ് ചിത്രം കൂടിയാണ് തഗ് ലൈഫ്.