കെ.സുധാകരനും നികേഷും കണ്ണൂരിന്റെ രാഷ്ട്രീയവും

വിജു വി. വി

കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായതിന്റെ പശ്ചാത്തലത്തില്‍ സംവാദങ്ങളും വിവാദങ്ങളുമൊക്കെ സജീവമാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ എം.വി നികേഷ് കുമാറിന്റെ ഇന്റര്‍വ്യൂവിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകരും സി.പി.എം സംഘടനാ സംവിധാനവും നിര്‍മ്മിച്ചു വിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു “ഭീകരവത്കരിച്ച” അപരരൂപമായാണ് കെ.സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്ക് ലഭ്യമാകുന്ന നറേറ്റീവുകള്‍, അത് കോണ്‍ഗ്രസിനെ കുറിച്ചാകട്ടെ, ലീഗിനെ കുറിച്ചാകട്ടെ, ജമാഅത്തെ ഇസ്ലാമിയെ കുറിച്ചാകട്ടെ, എല്ലാം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് സി.പി.എം നിയന്ത്രിത ഇടതുപക്ഷ രാഷ്ട്രീയ-മാധ്യമ നെക്‌സസിലാണ്. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള ആധികാരികമായ വിലയിരുത്തലുകളും നടത്തുന്നത് ഈയൊരു വിഭാഗമാണ്. ഇവരില്‍ എത്രപേര്‍ കെ.സുധാകരന്റെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ അദ്ദേഹത്തോട് സംസാരിക്കുകയോ ചെയ്തിട്ടുണ്ടെന്നത് ചോദിച്ചറിയേണ്ട കാര്യമാണ്. ഇത്തരം സുധാകര കേന്ദ്രിത ഫോക്ലോറുകള്‍ ധാരാളമുണ്ട് കേരള രാഷ്ട്രീയത്തില്‍.

ഇതിന്റെ മറ്റൊരു വസ്തുത, തന്നെ കുറിച്ച് നല്ലതെഴുതിയാലോ മോശമെഴുതിയാലോ, അദ്ദേഹം ഒരു മീഡിയ ഓഫീസിലും മാധ്യമ പ്രവര്‍ത്തകനെയും വിളിച്ച് പരാതി പറയില്ല എന്നതാണ്. തന്നെ കുറിച്ച് എന്തെങ്കിലും എഴുതാമോ എന്ന് ചോദിച്ച് ആരെയും വിളിക്കുകയുമില്ല. പുള്ളിയുടെ ബേസ് കണ്ണൂരില്‍, അദ്ദേഹത്തിന്റെ കീഴില്‍ അടിയുറച്ചു നില്‍ക്കുന്ന കുറെപ്പേരാണ്. അവര്‍ക്ക് സുധാകരനിലുള്ള പോലെ തന്നെ സുധാകരന് അവരോടും വിശ്വാസമായിരിക്കും. അബ്ദുള്ളക്കുട്ടിയുടേതു പോലെ ചില കാര്യങ്ങളിലേ അത് തെറ്റിയിട്ടുള്ളൂ. കെ.സുധാകരന്റെ ബേസ് പലപ്പോഴും കോണ്‍ഗ്രസിനുള്ളില്‍ മാത്രമല്ല, മറ്റുപാര്‍ട്ടികളിലും സമുദായ സംഘടനകളിലും സി.പി.എമ്മില്‍ പോലും ഉണ്ട്. ഇതിന്റെ അടിസ്ഥാനം എന്താണ് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമൊന്നും പറയാനാകില്ല. ഒരുപക്ഷേ, കണ്ണൂര്‍ ജില്ലയില്‍ മിത്തിഫൈ ചെയ്ത് നിര്‍ത്തിയിരിക്കുന്ന “രാഷ്ട്രീയ ആണത്ത” രൂപങ്ങളുടെ മാതൃകയ്ക്ക് പാകമാകുന്നു എന്നതു കൊണ്ടാകാം. ഗ്രൂപ്പ് എന്നതിനേക്കാള്‍ സുധാകരനുള്ളത് ആരാധകവൃന്ദമാണ്. അല്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പ് എന്നത് ഒരു സങ്കല്‍പം മാത്രമാണ്. കോണ്‍ഗ്രസില്‍ കരുണാകരന്റെയും ആന്റണിയുടെയും ഗ്രൂപ്പുണ്ടായിരുന്ന കാലത്ത് അനുഭാവികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇന്ന് ഏതെങ്കിലും നേതാവിന്റെ ഒപ്പം നില്‍ക്കുന്ന ശിങ്കിടികളുടെ കൂട്ടം എന്നല്ലാതെ, ജനങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് നേതാക്കളൊന്നുമില്ല. കോണ്‍ഗ്രസിന്റെ സംഘടനാതലത്തില്‍ സീറ്റ് വീതം വെപ്പു നടത്തുന്ന സമയത്ത് ഉയര്‍ന്നുവരുന്ന പ്രതിഭാസം മാത്രമാണ് ഗ്രൂപ്പ്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷമുള്ള അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞ ഒരു സംഭവമുണ്ട്. ഇരിക്കൂറിലോ മറ്റോ ആണ്. തിരഞ്ഞെടുപ്പു പ്രചാരണ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ, സി.പി.എം അനുഭാവിയായ ഒരാള്‍ വേദിക്കടുത്തേക്ക് വന്നു. അയാളുടെ കൈയിലൊരു പൊതിയുണ്ട്. അത് സുധാകരന് കൊടുക്കണം. സംശയത്തോടെയാണ് അദ്ദേഹം നിന്നത്. അത് ഗണ്‍മാന്റെ കൈയില്‍ കൊടുത്താല്‍ മതി എന്നു പറഞ്ഞു. ഗണ്‍മാന്‍ തുറന്നുനോക്കിയപ്പോള്‍ അതില്‍ കുറെ പൂക്കള്‍ ആണ്. സി.പി.എംകാരും തന്നെ സഹായിക്കാറുണ്ടെന്നത് പറയാനാണ് അദ്ദേഹം ആ ഉദാഹരണം പറഞ്ഞത്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 1984 മുതല്‍ 1998 വരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയായിരുന്നതില്‍ കെ.സുധാകരനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം രണ്ടായിരങ്ങളുടെ ആദ്യവര്‍ഷങ്ങള്‍ വരെ കെ.സുധാകരന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വന്നു. സി.പി.എമ്മിന്റെ അക്രമപ്രവര്‍ത്തനങ്ങളെ അതേ നാണയത്തില്‍ പ്രതിരോധിക്കുക എന്ന രീതിയുണ്ടായി. അതിനിടയിലാണ് 1993-ല്‍ മട്ടന്നൂരില്‍ കെ.സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റ് നാല്‍പാടി വാസു മരിക്കുന്നത്. ഇക്കാലഘട്ടത്തിന് വേറൊരു പ്രത്യേകതയുണ്ട്. 1987-ല്‍, സി.പി.എം വിട്ട് എം.വി രാഘവന്‍ യു.ഡി.എഫിലേക്ക് വന്നു. കണ്ണൂരില്‍ എവിടെപ്പോയാലും രാഘവനെ സി.പി.എം ആക്രമിക്കുമെന്ന നിലയായിരുന്നു. യു.ഡി.എഫിലെത്തിയ എം.വി.രാഘവനെ പലപ്പോഴും സംരക്ഷിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തിരുന്നത് കെ.സുധാകരനായിരുന്നു. രാഘവനാണെങ്കില്‍ പലപ്പോഴും പ്രസംഗിച്ചിരുന്നത് പ്രകോപനപരമായിട്ടായിരുന്നു. അടി ഏതുവഴി വരുമെന്നു പോലും പറയാന്‍ പറ്റില്ല. ഒരുപക്ഷേ, ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ നികേഷ് കുമാര്‍ ചോദ്യം ചോദിക്കുന്നതിന്റെ കുറച്ചുകൂടി രൂക്ഷമായ രീതി. പൊതുവെ കണ്ണൂര്‍ രാഷ്ട്രീയം സംഘര്‍ഷാത്മകമായിരുന്നു. 1994-ല്‍ കൂത്തുപറമ്പ് വെടിവെപ്പുണ്ടായതോടെ ഇത് പാരമ്യത്തിലെത്തുകയും ചെയ്തു. അന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലൊക്കെയായിരുന്നു രാഘവന്‍ കഴിഞ്ഞിരുന്നതെന്ന് കേട്ടിട്ടുണ്ട്. പറശ്ശിനിക്കടവിലെ സ്‌നേക്ക് പാര്‍ക്ക് തീയിട്ട സംഭവം, എ.കെ.ജി ആശുപത്രി തിരഞ്ഞെടുപ്പ് അങ്ങനെ നിലവധി സംഭവങ്ങള്‍. രാഘവന്റെ കൂടെ നിന്ന സാധാരണ സി.എം.പിക്കാര്‍ക്കും വഴി നടക്കുമ്പോഴും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അടികൊണ്ടു. പലരുടെയും വീടുകള്‍ സി.പി.എം തകര്‍ത്തു. നിരന്തരം കല്ലേറുണ്ടായി. എം.വി രാഘവന് പലപ്പോഴും സ്വന്തം പാര്‍ട്ടിക്കാരെ പോലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാഘവന്‍ ഒരുതരത്തില്‍ യു.ഡി.എഫിന് ബാദ്ധ്യത തന്നെയായിരുന്നു.

അക്കാലത്ത് സംഘര്‍ഷ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കാന്‍ കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം ഉണ്ടായിരുന്നു. “പടയാളി” പത്രാധിപരും പിന്നീട് ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.രാമകൃഷ്ണന്‍ പത്രത്തിലൂടെ തന്നെ, ഇതിനെതിരെ എഴുതി. എന്നാല്‍ സി.പി.എമ്മില്‍ ഒരുകാലത്തും അക്രമരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് ഒരു വിഭാഗം ഉണ്ടായിരുന്നില്ല. ഇപ്പോഴും ടി.പി.വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ ഫോട്ടോയ്ക്കു മുന്നില്‍ വിളക്ക് കത്തിച്ചു വെയ്ക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു കുഞ്ഞു പോലും ആ പാര്‍ട്ടിയിലില്ല. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നികേഷ് കുമാറിന്റെ അഭിമുഖം കാണേണ്ടത്. കോണ്‍ഗ്രസിനെ സംഘര്‍ഷഭരിതമായ ഒരുകാലഘട്ടത്തിലേക്ക് തള്ളിവിട്ടതില്‍ എം.വി രാഘവന്‍ എന്ന യു.ഡി.എഫ് നേതാവിന്റെ പങ്ക് ചില്ലറയല്ല. യു.ഡി.എഫിലേക്ക് വരുന്നതിന് മുമ്പും കൈയൂക്കും തല്ലും തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മാടായി മാടന്‍ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ. പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിനിസ്‌ട്രേഷനില്‍ ഉള്‍പ്പെടെ സി.പി.എംകാര്‍ക്കും നിയമനം കൊടുത്തുതുടങ്ങി. പോകെപ്പോകെ അത് സി.പി.എം പിടിച്ചെടുത്തു. കേരള രാഷ്ട്രീയത്തില്‍ എം.വി.രാഘവന്‍ തളര്‍ന്നു തുടങ്ങിയപ്പോഴേക്കും, ഏതാണ്ട് രണ്ടായിരത്തിന്റെ തുടക്കത്തില്‍ കെ.സുധാകരനെപ്പോലുള്ളവര്‍ സംഘര്‍ഷത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. കാരണം, സംഘര്‍ഷം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. അതിനുദാഹരണമാണ് സംഘര്‍ഷത്തെ എതിര്‍ത്തിരുന്ന പി.രാമകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടായ വിജയങ്ങള്‍.

May be an image of 1 person and text

വര്‍ഷങ്ങള്‍ കഴിഞ്ഞു. സുധാകരന്‍ തന്നെ മൂന്നുതവണ തോറ്റു. എന്നിട്ടും നികേഷ് കുമാറിനെപ്പോലുള്ളവര്‍ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ് കെ.സുധാകരനോട് ചോദിക്കുന്നത് എന്നതില്‍ അവനവനോടു തന്നെയുള്ള ഒരു സത്യസന്ധതയില്ലായ്മയുണ്ട്. ഇതൊരു സ്റ്റീരിയോടൈപ്പിംഗ് ആണ്. വെട്ടൊന്ന്, മുറി രണ്ട് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പോലും കണ്ണൂരിന്റെ വര്‍ത്തമാന പശ്ചാത്തലത്തില്‍ ആളുകളെ പേടിപ്പിക്കുന്നതാണ്. അതിനോട് സുധാകരന്‍ അസ്വസ്ഥനായാല്‍ തെറ്റൊന്നുമില്ല. കാരണം അത്തരം വെട്ടുകളും മുറിവുകളും ഒക്കെ ഇപ്പോഴും കണ്ണൂരിലുണ്ട്. ചാനല്‍ സ്റ്റുഡിയോയിലൊക്കെ ഇരുന്ന് പറയുന്നതു പോലെയല്ല, കണ്ണൂരിന്റെ ജീവിതബോധത്തില്‍ അത് പ്രതിഫലിക്കുന്നത്.

പിന്നെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ ഉയര്‍ന്ന നീതിബോധത്തെ കുറിച്ചുമൊക്കെ വാചാലരാകുന്ന നവലിബറല്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുണ്ട്. അതൊക്കെ അര്‍ബന്‍ എലീറ്റ് സര്‍ക്കിളുകളില്‍ പറയാമെന്നേയുള്ളൂ. ഏതെങ്കിലും രാഷ്ട്രീയത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍, സംഘടിതമായ പാര്‍ട്ടികള്‍ ആളുകളെ വെട്ടിക്കൊല്ലുന്ന നാട്ടില്‍ എന്ത് പൊളിറ്റിക്കല്‍ കറക്ട്‌നെസ്, എന്ത് മനുഷ്യാവകാശം? ജീവിക്കാന്‍ പോലും അവകാശമില്ലാത്ത നാട്ടില്‍ നിന്നാണ് നമ്മള്‍ കറക്ട്‌നെസിനെക്കുറിച്ചും ഹൈ മൊറാലിറ്റിയെക്കുറിച്ചും സംസാരിക്കുന്നത്. അതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആണെന്ന് ലെഫ്റ്റ്-ലിബറലരും പറയുമെന്ന് തോന്നുന്നില്ല. ഇങ്ങനെയൊരു നാട്ടില്‍ പ്രയോഗത്തെറ്റുകളും രാഷ്ട്രീയതെറ്റുകളുമൊക്കെ നിസാരമല്ലേ? നിങ്ങള്‍ കുഞ്ഞനന്തന്റെ ഫോട്ടോ വെച്ച് നടത്തുന്ന പൂജയിലെ മനുഷ്യത്വവിരുദ്ധത കാണാതിരിക്കുകയും ഭാഷാകൃത്യതയെക്കുറിച്ച് വാചാലരാകുകയും ചെയ്യുന്നു. അതും കേരള നിയമസഭയില്‍ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള നിലപാടുമായി ഒരു പ്രതിനിധി ജയിച്ചുകയറിയതിനുശേഷവും. രാഷ്ട്രീയകൃത്യതയില്ലാത്തവരും ഭാഷാകൃത്യതയില്ലാത്തവരുമൊക്കെ നമ്മുടെ നാട്ടില്‍ ജീവിക്കട്ടെ. രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യരെ ഇല്ലാതാക്കുന്ന പരിപാടി ആദ്യം നിര്‍ത്തട്ടെ. അങ്ങനെയൊരു വാചകം തെറ്റാതെ പറയാന്‍ പറ്റുന്ന, കൈകളില്‍ രക്തക്കറ പുരളാത്ത നേതാക്കള്‍ കണ്ണൂരിലുണ്ടാകട്ടെ. അല്ല, കേരളത്തിലുണ്ടാകട്ടെ.

Read more

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗവേഷകനാണ് ലേഖകൻ)