കെ- റെയില്‍ പുതിയ പദ്ധതി അല്ല, സര്‍ക്കാരിനെ വിലയിരുത്താന്‍ അഞ്ച് വര്‍ഷം വേണം: സി.പി.ഐ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് കാനത്തിന്റെ മറുപടി

സംസ്ഥാന സര്‍ക്കാരിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരത്തിലേറി ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്തിയത് പോലെ തന്നെ അഞ്ച് വര്‍ഷം കാത്തിരിക്കണമെന്നും കാനം പറഞ്ഞു.കൃഷി വകുപ്പിന് എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളും കാനം തള്ളി. കൃഷി വകുപ്പിന്റേത് മോശം പ്രകടനം അല്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയില്‍ നടപ്പാക്കുന്നത് എന്തിന് വേണ്ടിയാണെന്ന അഞ്ച് ജില്ലാ കമ്മിറ്റികളുടെ ചോദ്യത്തിന് കാനത്തിന്റെ മറുപടി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിന് ശേഷം പദ്ധതി നടപ്പാക്കും. കെ റെയില്‍ പുതിയ പദ്ധതി അല്ലെന്നും കാനം പറഞ്ഞു.

അതേസമയം, സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.