അടിച്ചാല്‍ കൊള്ളുന്നതല്ല, തിരിച്ച് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം: കെ. മുരളീധരന്‍

ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വളഞ്ഞിട്ട് തല്ലിയാല്‍ നോക്കി നില്‍ക്കാനാവില്ലെന്നും തിരിച്ചു കൊടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലാണ് മുരളീധരന്റെ വിമര്‍ശനം.

‘കോണ്‍ഗ്രസില്‍ സെമി കേഡര്‍ ഉണ്ട്. കൊലപാതകമല്ല സെമി കേഡര്‍. തല്ലിയാല്‍ കൊള്ളുന്നതുമല്ല. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. അത് വേണ്ടിവരും. കാരണം വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്തുചെയ്യും. പൊലീസില്‍നിന്നും നീതി കിട്ടില്ല. അതുകൊണ്ട് തല്ലുന്നവന് തിരിച്ച് രണ്ട് കൊടുക്കുകയേ നിവൃത്തിയുള്ളൂ. അത് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകും’ മുരളീധരന്‍ പറഞ്ഞു.

അതേസമയം, ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുറ്റക്കാരായ ആരെ ശിക്ഷിച്ചാലും ഞങ്ങള്‍ക്ക് വിരോധമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘എന്തുകൊണ്ട് പൊലീസ് നോക്കിനിന്നു? മരണം നടന്ന അന്ന് രാത്രിയില്‍ 8 സെന്റ് വാങ്ങിയുള്ള ശവസംസ്‌കാരം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും അന്വേഷിക്കണം. കൊലപാതകത്തില്‍ കുറ്റക്കാരായ ആരെ ശിക്ഷിച്ചാലും ഞങ്ങള്‍ക്ക് വിരോധമില്ല, പൂര്‍ണമായും പിന്തുണയ്ക്കും’ കെ.മുരളീധരന്‍ പറഞ്ഞു.