സി.പി.എമ്മിന് കണ്ടാമൃഗത്തെക്കാൾ വലിയ തൊലിക്കട്ടി, ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും; കെ.സി വേണുഗോപാൽ

കേരളത്തിലെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ തമാശയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസ്-ബിജെപി ധാരണ എന്നുപറഞ്ഞ് പൊതുജനത്തെ വിഡ്ഢികൾ ആക്കാമെന്ന് പിണറായിയും കോടിയേരിയും കരുതേണ്ടെന്നും, ആ പരിപ്പ് ഇവിടെ വേവില്ലന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

ലാവലിൻ കേസിലടക്കം ആരൊക്കെ തമ്മിൽ ആണ് ധാരണ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും കെ.സി.വേണുഗോപാൽ കൊച്ചിയിൽ നടന്ന സമ്മേളനത്തിടെ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനായി തീവ്രവാദ പ്രസ്ഥാനങ്ങളെ താലോലിച്ച സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനത്തിന്റെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.

വിദ്വേഷ പ്രസംഗത്തിന്റെയും മുദ്രാവാക്യത്തിന്റെയും അന്തരീക്ഷം ഒരുക്കി കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയത് പിണറായി വിജയനാണ്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഉള്ള പരിശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.

ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും. യുഡിഎഫിന്റെ വികസന ശൈലി തൃക്കാക്കരയിൽ ചർച്ചയാകും. സാധാരണക്കാരന്റെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് വരുന്ന പദ്ധതിയാണ് സിൽവർ ലൈൻ. യുഡിഎഫിന്റെത് ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ്. ഈ വ്യത്യാസമാണ് ചർച്ച ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വർഗ്ഗീയ വാദികളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണ്. വികസനത്തെ കുറിച്ച് പറയുന്ന സിപിഎമ്മിന് കാണ്ടാമൃഗത്തെക്കാൾ വലിയ തൊലിക്കട്ടിയാണെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു. ഇടത് മുന്നണി സ്ഥാനാർഥിക്ക് എതിരെയുണ്ടായ അശ്ലീല പ്രചാരണവുമായി കോൺഗ്രസിന് ബന്ധമില്ല.

ഉത്തരവാദിത്തപ്പെട്ട ആരും അത് ചെയ്യില്ലെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഗൂഢോദ്ദേശ്യം ഉണ്ടെന്ന് പറഞ്ഞത് സിപിഎം നേതാക്കൾ. അതിന് സർക്കാർ മറുപടി പറയണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.